കൊറോണ വൈറസ് ലോക്ക്ഡൗണിനിടെ ബിഹാറിലുടനീളം ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്നും പോകുന്ന ആയിരക്കണക്കിന് പുരുഷന്മാർക്കും സ്ത്രീകൾക്കും സ്റ്റേറ്റ് ഹെൽത്ത് സൊസൈറ്റി ഗർഭനിരോധന ഉറകളും, ഗർഭനിരോധന ഗുളികകളും വിതരണം ചെയ്തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രത്യുൽപ്പാദന നിരക്ക്, ഒരു സ്ത്രീക്ക് 3.4 കുട്ടികൾ എന്ന നിരക്കിൽ ഉള്ളത് ബിഹാറിലാണ്.
മാർച്ച്, നവംബർ മാസങ്ങൾക്ക് ശേഷമുള്ള ഒൻപത് മാസങ്ങളിൽ ഉത്സവ വേളകളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ആശുപത്രികളിൽ വെച്ചുള്ള പ്രസവങ്ങളിൽ കുത്തനെ വർദ്ധന ഉണ്ടായതായാണ് റിപ്പോർട്ട്.
മാർച്ച്, നവംബർ മാസങ്ങൾക്ക് ശേഷം ഉള്ള ഒൻപതു മാസങ്ങളിൽ ഹോളി, ദീപാവലി, ഛാത്ത് എന്നീ ഉത്സവങ്ങളുടെ ഭാഗമായി പരമാവധി കുടിയേറ്റക്കാർ മടങ്ങിയെത്തുമ്പോൾ ആശുപത്രികളിൽ വെച്ചുള്ള പ്രസവങ്ങളിൽ വലിയ വർദ്ധനയുണ്ടായതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതിന് ശേഷമുള്ള മാസങ്ങളിൽ എണ്ണം കുറഞ്ഞ് വരുന്നതായാണ് കാണുന്നതെന്നും അതിനാലാണ് ഗർഭനിരോധന ഉറകളും, ഗർഭനിരോധന മാർഗ്ഗങ്ങളും വിതരണം ചെയ്യുന്നതെന്നും സ്റ്റേറ്റ് ഹെൽത്ത് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് കുമാർ പറഞ്ഞതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.