ബില്‍ മാറാന്‍ മന്ത്രി കമ്മീഷന്‍ ചോദിച്ചതിന്റെ പേരില്‍ കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പയ്ക്ക എതിരെ കേസ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഉഡുപ്പി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു വാഹിനി എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയായ സന്തോഷ് പാട്ടീല്‍ എന്ന കരാറുകാരനാണ് മരിച്ചത്.
തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്ങിനും കത്തെഴുതിവെച്ചാണ് സന്തോഷ് ആത്മഹത്യ ചെയ്തത്. ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിന്റെ കീഴില്‍ പട്ടീല്‍ നടത്തിയ 4 കോടി രൂപയുടെ പദ്ധതിയില്‍ മന്ത്രിയുടെ കൂട്ടാളികള്‍ 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സന്തോഷ് ആരോപിച്ചിരുന്നു.
ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ മാത്രമാണ് തന്റെ മരണത്തിന് ഉത്തരവാദി. ആഗ്രഹങ്ങളെല്ലാം മാറ്റിവെച്ചാണ് ഈ തീരുമാനം എടുക്കുന്നത്. എന്റെ ഭാര്യയെയും കുട്ടികളെയും സഹായിക്കണമെന്ന് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ലിംഗായത്ത് നേതാവ് ബി.എസ്.വൈയോടും കൈകൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും ആത്മഹത്യാകുറിപ്പില്‍ എഴിതിയിട്ടുണ്ട്.
സന്തോഷിന്റെ സഹോദരന്‍ പ്രശാന്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ ഉറ്റ അനുയായികളായ ബാസവരാജ്, രമേഷ് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഉഡുപ്പിയിലെ ലോഡ്ജില്‍ മുറിയെടുത്ത സന്തോഷിനെ ഇന്നലെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.