കര്‍ണാടകയില്‍ കരാറുകാരനും ഹിന്ദു വാഹിനി സംഘടനയുടെ ദേശീയ സെക്രട്ടറിയുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജിവച്ച് ഒഴിയില്ലെന്ന് ആവര്‍ത്തിച്ച് ഗ്രാമീണ വികസന- പഞ്ചായത്തീരാജ് മന്ത്രി കെഎസ് ഈശ്വരപ്പ. വാട്സ്ആപ്പ് വഴി സന്ദേശം അയക്കുന്നതിനെ മരണക്കുറിപ്പ് എന്ന് വിളിക്കാന്‍ കഴിയില്ല. മറ്റാരെങ്കിലും അയച്ചതാവാം എന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഉള്‍പ്പടെ പ്രതിഷേധം ശക്തമാക്കിയതോടൊയാണ് പ്രതികരണം.
ഹൈക്കമാന്‍ഡിലെ ഉന്നത നേതാക്കള്‍ തന്നോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഗൂഡാലോചന വിശദമായി അന്വേഷിക്കണമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലുമായും ചര്‍ച്ച ചെയ്തുവെന്നും ഈശ്വരപ്പ പറഞ്ഞു.
അതേസമയം പ്രതിഷേധം ശക്തമാക്കാനാണ് കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് അഴിമതിക്കാരായ എല്ലാ ഉദ്യോഗസ്ഥന്മാരേയും നീക്കണമെന്നാണ് ആവശ്യം.
മെയ് 25 ന് ബെംഗളൂരുവില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50,000 ത്തോളം കോണ്‍ട്രാക്ടേഴ്‌സ് റാലിയില്‍ പങ്കെടുക്കും.
മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും അഴിമതികള്‍ വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വിടുമെന്ന് അസോസിയേഷന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാരും കമ്മീഷന്‍ റാക്കറ്റില്‍ പങ്കാളികളാണ്. സര്‍ക്കാര്‍ ജോലികള്‍ക്ക് ടെന്‍ഡര്‍ നല്‍കുന്നതിന് മന്ത്രിമാരും എംഎല്‍എമാരും നേരിട്ട് 40% കമ്മീഷന്‍ ആവശ്യപ്പെടുന്നു. കമ്മീഷന്‍ പിരിക്കാന്‍ ഏരിയ തിരിച്ചുള്ള ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. ഇത് ഉടന്‍ അവസാനിപ്പിക്കണമെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ ഡി കെമ്പണ്ണ പറഞ്ഞു.
Read more
ബില്‍ മാറാന്‍ മന്ത്രി കമ്മീഷന്‍ ചോദിച്ചതിന്റെ പേരില്‍ കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈശ്വരപ്പയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഉഡുപ്പി പൊലീസ് കേസെടുത്തിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്ങിനും കത്തെഴുതിവെച്ചാണ് സന്തോഷ് ആത്മഹത്യ ചെയ്തത്. ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിന്റെ കീഴില്‍ പട്ടീല്‍ നടത്തിയ 4 കോടി രൂപയുടെ പദ്ധതിയില്‍ മന്ത്രിയുടെ കൂട്ടാളികള്‍ 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സന്തോഷ് ആരോപിച്ചിരുന്നു.