രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപമാനിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തുകയും ചെയ്ത ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റിലായി. മധ്യപ്രദേശിലെ ഖജുരാഹോയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് കാളിചരണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകുന്നേരത്തോടെ കാളിചരണിനെ റായ്പൂരില്‍ എത്തിക്കും.
വിദ്വേഷ പ്രചാരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച് റായ്പൂരില്‍ നടന്ന ധര്‍മ സന്‍സദ് ക്യാമ്പിലായിരുന്നു ഗാന്ധിജിയ്ക്കും മുസ്ലിം സമുദായത്തിനും എതിരെ കാളിചരണ്‍ മഹാരാജ് വിവാദപരാമര്‍ശം നടത്തിയത്. രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാനാണ് മുസ്ലിം സമുദായത്തിലുള്ളവര്‍ ശ്രമിക്കുന്നത്. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്സെയെ സല്യൂട്ട് ചെയ്യുന്നു എന്നുമാണ് കാളിചരണ്‍ പറഞ്ഞത്. സംഭവത്തില്‍ റായ്പൂരിലെ മുന്‍ മേയര്‍ പ്രമോദ് ദുബെയാണ് പരാതി നല്‍കിയത്.
മഹാരാഷ്ട്രയിലെ അകോള സ്വദേശിയാണ് കാളിചരണ്‍ മഹാരാജ്. വിവാദപ്രസംഗത്തില്‍ ഒട്ടും ഖേദം ഇല്ലെന്നാണ് കാളിചരണ്‍ മഹാരാജ് പ്രതികരിച്ചത്. അതേസമയം പരിപാടിയുടെ സംഘാടകര്‍ അടക്കം പ്രസംഗത്തെ തള്ളിപ്പറഞ്ഞിരുന്നു. പരിപാടിയുടെ രക്ഷാധികാരിയായ മഹന്ത് റാംസുന്ദര്‍ ദാസ് പ്രസംഗത്തെ ശക്തമായി അപലപിക്കുകയും വേദിയില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തിരുന്നു.