കോൺഗ്രസ് നേതാക്കൾക്ക് എതിരെ അസഭ്യ പരാമർശം; കർണാടക മന്ത്രി വിവാദത്തിൽ

കോൺഗ്രസ് നേതാക്കൾക്കെതിരെ അസഭ്യ പരാമർശം നടത്തി കർണാടക മന്ത്രി കെ.എസ് ഈശ്വരപ്പ വിവാദത്തിൽ. വാർത്താസമ്മേളനത്തിനിടെ കോൺഗ്രസ് നേതാക്കൾക്ക് നൽകിയ മറുപടിയിലാണ് മന്ത്രി അസഭ്യവാക്ക് പ്രയോഗിച്ചത്.  പരാമർശം നടത്തിയതിന് പിന്നാലെ അത് പിൻവലിക്കുന്നതായും അത് പ്രസിദ്ധീകരിക്കരുതെന്നും ഈശ്വരപ്പ മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

മന്ത്രി ഈശ്വരപ്പയെ കോമാളി എന്ന് വിളിച്ച കോൺഗ്രസ് നേതാക്കൾക്കുള്ള മറുപടിയായാണ് പ്രതികരണം. കോമാളി പ്രയോഗത്തിൽ എന്താണ് പറയേണ്ടതെന്ന്​ തനിക്ക് അറിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഈശ്വരപ്പ മോശം പരാമർശം നടത്തിയത്. സംസ്കാരമില്ലാത്ത ഒരാൾക്കെ ഇത്തരം വാക്കുകൾ പറയാനാകുവെന്നും ഈശ്വരപ്പക്ക് സംസ്കാരമില്ലെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തുറന്നടിച്ചു.

Read more

ഈശ്വരപ്പയെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രമായ നിംഹാൻസിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കാൻ ആരോഗ്യമന്ത്രി ഇടപെടണമെന്നായിരുന്നു കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിൻറ പ്രതികരണം. പാർട്ടി പ്രവർത്തകരോട് നിയമം കൈയിലെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഈശ്വരപ്പ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.