കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വായ്പയെടുത്ത് സോണിയ ഗാന്ധിയ്ക്ക് പണം നല്‍കുന്നുവെന്ന മാണ്ഡി എംപി കങ്കണ റണാവത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഹിമാചല്‍ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ്. കങ്കണയുടെ ആരോപണം തെളിയിക്കാന്‍ വിക്രമാദിത്യ സിംഗ് വെല്ലുവിളിച്ചു.
കങ്കണയുടെ ആരോപണത്തിന് തെളിവ് നല്‍കണമെന്നും അല്ലെങ്കില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാണ്ഡിയിലെ എംപിയുടെ പരാമര്‍ശം ബൗദ്ധിക പാപ്പരത്തമാണെന്നും വിക്രമാദിത്യ സിംഗ് പരിഹസിച്ചു. കേന്ദ്രം നല്‍കുന്ന പണം സോണിയ ഗാന്ധിയ്ക്ക് വകമാറ്റിയെന്ന് പറയുന്നത് ബുദ്ധി ശൂന്യതയാണെന്നും മന്ത്രി പറഞ്ഞു.
പണം വകമാറ്റിയതായി തെളിയിക്കാന്‍ ബിജെപി എംപിയെ വെല്ലുവിളിക്കുന്നു. അതിന് സാധിച്ചില്ലെങ്കില്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് കങ്കണ മാപ്പ് പറയണം. അല്ലെങ്കില്‍ അപകീര്‍ത്തി കേസ് നല്‍കുമെന്നും വിക്രമാദിത്യ സിംഗ് മുന്നറിയിപ്പ് നല്‍കി. മണാലിയിലെ പരിപാടിക്കിടെ ആയിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.