ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ഇ.വി.എമ്മുകളില്‍ അട്ടിമറി നടന്നെന്ന് പരാതി. ബി.എസ്.പി ചിഹ്നമായ ആനയ്ക്ക് വോട്ടു ചെയ്യുമ്പോള്‍ ബി.ജെ.പി ചിഹ്നമായ താമരയാണ് തെളിയുന്നതെന്നാണ് പരാതി. ധാരാസിങ്ങ് എന്ന വോട്ടറാണ് പരാതി ഉന്നയിച്ചത്.
“ഞാന്‍ ബി.എസ്.പിക്കായിരുന്നു വോട്ടു ചെയ്തത്. എന്നാല്‍ എന്റെ വോട്ടു പോയത് ബി.ജെ.പിക്കാണ്. മറ്റ് അഞ്ചു പേര്‍ക്കും ഇതേ അനുഭവം ഉണ്ടായി. ഇതാണ് അവിടെ ഉണ്ടായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്”- ധാരാസിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.
വിഷയം തന്റെ ശ്രദ്ധയില്‍ പെട്ടപ്പോഴേക്കും 138-ാം വോട്ടു രേഖപ്പെടുത്തി കഴിഞ്ഞതായി സിങ്ങ് പറയുന്നു. എന്നാല്‍ പരാതി കാര്യമായെടുക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു.
ധാരാ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രജ്ദീപ് സര്‍ദേശായി തന്റെ ട്വിറ്ററിലൂടെയാണ് പുറത്തു വിട്ടത്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
അതേസമയം, ഇ.വി.എമ്മുകള്‍ അട്ടിമറിക്കപ്പെട്ടെന്ന വാദം ബിജ്നോര്‍ സെക്ടര്‍ മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ തള്ളി. “ഇത്തരം സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇ.വി.എം മോക്ക് ടെസ്റ്റ് ചെയ്തതാണ്”- കുമാര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.