കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. മൃതദേഹം ഇന്ന് ഭോപ്പാലിലേക്ക് കൊണ്ടുപോകമെന്ന് വ്യോമസേന അറിയിച്ചു. ബാംഗ്ലൂരിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വരുണ്‍ സിംഗ് ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ഉത്തർ പ്രദേശ് കൻഹോലി സ്വദേശിയാണ്.
അപകടത്തില്‍ വരുൺ സിംഗിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വില്ലിങ്ടൺ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ ഗ്രൂപ്പ് ക്യാപ്റ്റനെ എത്തിച്ചത്. അദ്ദേഹത്തിന് ചർമ്മം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും വാർത്തകളുണ്ടായിരുന്നു. ഇതിനായുള്ള ചർമ്മം ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കമാൻഡ് ആശുപത്രിക്ക് കൈമാറിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരിൽ ഹെലികോപ്റ്റര്‍ തകർന്ന് അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വെല്ലിങ്ടണ്‍ യാത്രക്കിടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടം. കഴിഞ്ഞവര്‍ഷം വരുണ്‍ സിംഗ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍ പെട്ടിരുന്നു. എന്നാല്‍ പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ദ്ധ്യമാണ് വരുണ്‍ സിംഗിന്റെ ജീവന്‍ രക്ഷിച്ചത്. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കിയാണ് വരുണ്‍ സിംഗിന്റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചത്. റിട്ട കേണല്‍ കെ പി സിംഗാണ് വരുണ്‍ സിംഗിന്റെ പിതാവ്. സഹോദരന്‍ തനൂജ് നേവി ഉദ്യോഗസ്ഥനാണ്.