കേന്ദ്രത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍ നടപടി സഹകരണരംഗത്ത് സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിട്ട്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ പാർട്ടികളുടെ കൈയിലുള്ള സഹകരണ മേഖലയിലൂടെ സ്വാധീനം വിപുലീകരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തെ മുൻനിറുത്തിയുള്ള കേന്ദ്ര സഹകരണ വകുപ്പിന്റെ അജണ്ടയിൽ മഹാരാഷ്ട്രയും കേരളവുമാണ് പ്രധാനമായും ഉള്ളത്.
അതേസമയം കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിന് എതിരേയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിയോജിപ്പ് സമരത്തിലേക്ക് മാറുന്നു. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും സഹകരണ മേഖലയിലെ സംഘടനകൾ സമരം പ്രഖ്യാപിച്ചു.
സി.പി.എം. അനുകൂല സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാനവ്യാപകമായി ചൊവ്വാഴ്ച സഹകരണ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധ സമരം നടത്തും. ജൂലായ് 22-ന് രാജ്ഭവനു മുന്നിൽ സഹകാരികളുടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് അനുകൂല സംഘടനയായ സഹകരണ ജനാധിപത്യ വേദിയുടെ തീരുമാനം.
അതിനിടയിൽ ബി.ജെ.പി. അനുകൂല രാഷ്ട്രീയ-സാംസ്കാരിക കൂട്ടായ്മയിൽ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും പ്രചാരണത്തെ പ്രതിരോധിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സ്വാധീനത്തിൽ പുതിയ സഹകരണ സംഘങ്ങൾ തുടങ്ങാനുള്ള ശ്രമവും ബി.ജെ.പി. അനുകൂല കൂട്ടായ്മയിൽ നടക്കുന്നുണ്ട്.
സഹകരണ ബാങ്കുകളെ കൂച്ചുവിലങ്ങിടാനുള്ള നീക്കമെന്നാണ് കേന്ദ്ര നിയമത്തെ എതിർക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നു. സഹകരണ സംഘങ്ങളെ വരുമാന നികുതിക്ക് കീഴിൽ കൊണ്ടുവരാനാണ് നീക്കം. റിസർവ് ബാങ്ക് വഴി നേരിട്ട് നടപടി എടുപ്പിക്കും. വസ്തു പണയത്തിന്മേലുള്ള വ്യക്തിഗത വായ്പ നിലയ്ക്കുമെന്നാണ് വിമർശകർ പറയുന്നത്.