സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല; പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക്

സഹകരണ സംഘങ്ങളുടെ പേരില്‍ ബാങ്ക് എന്ന് കൂട്ടിച്ചേര്‍ക്കുന്നതില്‍ അതൃപ്തി വ്യക്തമാക്കി റിസര്‍വ് ബാങ്ക്. സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതിനെതിരെയാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്നീ വാക്കുകള്‍ സഹകരണ സംഘങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കികൊണ്ടാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

2020ലെ ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമപ്രകാരം സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്നീ വാക്കുകള്‍ ഉപോയഗിക്കാന്‍ വിലക്കുണ്ട്. എന്നാല്‍ ചില സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്ക് ചട്ടം ലംഘിച്ച് പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതായും അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതായും റിസര്‍വ് ബാങ്ക് കണ്ടെത്തി.

Read more

ഇത്തരത്തില്‍ ചട്ട ലംഘനം നടത്തുന്ന സഹകരണ സംഘങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. കൂടാതെ ഇത്തരത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് പത്രപരസ്യത്തിലൂടെയും മുന്നറിയിപ്പ് നല്‍കുന്നു.