ഭൂമി കൈയേറിയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താന് നോട്ടീസ് നല്‍കി വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ജൂണ്‍ 6ന് ആയിരുന്നു ഭൂമി കയ്യേറിയ സംഭവത്തില്‍ പത്താന് നോട്ടീസ് നല്‍കിയത്. കോര്‍പ്പറേഷന്‍ ഭൂമി യൂസഫ് പത്താന്‍ മതിലുകെട്ടി സ്വന്തമാക്കിയെന്നാണ് ആരോപണം.
വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശീതള്‍ മിസ്ത്രി നോട്ടീസ് നല്‍കിയ വിവരം ജൂണ്‍ 13ന് ആയിരുന്നു വെളിപ്പെടുത്തിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമി 2012ല്‍ യൂസഫ് പത്താന് വില്‍ക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ സ്ഥലത്ത് വേലിയോ മതിലോ കെട്ടിയിരുന്നില്ല.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നിരസിച്ചെങ്കിലും യൂസഫ് പത്താന്‍ സ്ഥലം മതിലുകെട്ടി കയ്യേറിയെന്ന ആപോപണവുമായി ബിജെപി മുന്‍ കൗണ്‍സിലര്‍ വിജയ് പവാര്‍ രംഗത്ത് വരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നായിരുന്നു പവാറിന്റെ ആവശ്യം. ഇതിന് പിന്നാലെ പത്താന് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കുകയായിരുന്നു. ആരോപണം ഉയരുന്ന ഭൂമിയിലെ ചുറ്റുമതില്‍ പൊളിച്ച് കയ്യേറ്റം ഒഴിയണമെന്നാണ് പത്താന് നല്‍കിയ നോട്ടീസില്‍ പറയുന്നത്.