പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ അബിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് മോദി മറുപടി പ്രസംഗവുമായെത്തിയത്. ജനങ്ങള്‍ വീണ്ടും അംഗീകരിച്ചതില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അഴിമതിരഹിത ഭരണം ജനം അംഗീകരിച്ചു. രാജ്യത്തെ ജനങ്ങള്‍ ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവില്‍ തങ്ങളെ തിരഞ്ഞെടുത്തു. ചിലരുടെ വേദന തങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. രാജ്യം ഏറെക്കാലം പ്രീണന രാഷ്ട്രീയത്തിന് സാക്ഷിയായി. പ്രീണന രാഷ്ട്രീയം ഇപ്പോള്‍ രാജ്യത്ത് അവസാനിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രതിപക്ഷം ആവര്‍ത്തിച്ച് നുണകള്‍ പ്രചരിപ്പിച്ചിട്ടും തങ്ങള്‍ വീണ്ടും അധികാരത്തിലെത്തി. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള കാമ്പയിന് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സ്വീകാര്യതയുണ്ടായി. എല്ലാവരുടെയും വികസനമാണ് സര്‍ക്കിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം മോദി സംസാരിക്കുമ്പോള്‍ പ്രതിപക്ഷം മണിപ്പൂരിനായി മുദ്രാവാക്യങ്ങളുയര്‍ത്തി. മണിപ്പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സഭയില്‍ സംസാരിക്കാന്‍ സമയം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിപക്ഷം ബഹളം വച്ചത്. മണിപ്പൂര്‍ എന്ന് ആവര്‍ത്തിച്ച് വിളിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം.
ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ പ്രക്ഷുബ്ധമായി. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് സ്പീക്കര്‍ ഓം ബിര്‍ള ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുടെ നടപടി സഭയ്ക്ക് ചേര്‍ന്നതല്ലെന്നും പ്രതിപക്ഷം സംയമനം പാലിക്കണമെന്നും സ്പീക്കര്‍ വിമര്‍ശിച്ചു.
അതേസമയം മോദിയുടെ പ്രസംഗത്തിന് വന്‍ തിരിച്ചടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നേരിടുന്നത്. മോദിയുടെ സര്‍ക്കാസം എന്ന തരത്തിലുള്ള കമന്റുകളാണ് പ്രസംഗത്തിന്റെ വീഡിയോയുടെ കമന്റ് ബോക്‌സുകളില്‍ നിറയുന്നത്. അഴിമതി ഭരണം ജനം തിരിച്ചറിഞ്ഞുവെന്ന് മോദി പറഞ്ഞ വാക്കുകള്‍ക്ക് മറുപടിയായി, ബിജെപിയുടെ അഴിമതി ജനം തിരിച്ചറിഞ്ഞതിനാലാണ് 63 എംപിമാര്‍ വീട്ടിലിരിക്കുന്നതെന്നും പരിഹാസമുണ്ട്.