മുബൈയില്‍ കള്ളനോട്ട് വേട്ട; ഏഴ് കോടിയുടെ കള്ളനോട്ടുമായി ഒരു സംഘം പിടിയില്‍

മുംബൈയില്‍ കോടികളുടെ കള്ളനോട്ടുമായി ഒരു സംഘം പിടിയില്‍. വ്യാജ നോട്ടുകള്‍ അച്ചടിക്കുകയും അവയുടെ വിതരണം നടത്തുകയും ചെയ്തിരുന്ന സംഘത്തിലെ ഏഴുപേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവരുടെ കൈവശം 7 കോടി രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് ദഹിസര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ നോട്ട് കടത്താന്‍ ശ്രമിച്ച സംഘത്തെ പിടികൂടാന്‍ സാധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കാറില്‍ പണം കടത്താന്‍ ശ്രമിച്ച സംഘത്തെ പൊലീസ് തടയുകയായിരുന്നു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘത്തിലെ മറ്റു അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

സബര്‍ബന്‍ അന്ധേരിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് മറ്റ് മൂന്നു പേര്‍ പിടിയിലായത്. കാറില്‍ നിന്ന് 2000 രൂപയുടെ 250 ബണ്ടില്‍ വ്യാജ നോട്ടുകളും അന്ധേരിയിലെ ഹോട്ടലില്‍ നിന്ന് രണ്ടു കോടി രൂപയുടെ രണ്ടായിരത്തിന്റെ 100 കെട്ട് നോട്ടുകളും പിടിച്ചെടുത്തു. കള്ളനോട്ടുകള്‍ക്ക് പുറമെ ഇവരുടെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, 28,170 രൂപയുടെ യഥാര്‍ത്ഥ കറന്‍സി, ആധാര്‍, പാന്‍ കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവയും കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.

അറസ്റ്റിലായ സംഘം വ്യജ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന റാക്കറ്റ് നടത്തുന്നതായി തെളിഞ്ഞു എന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഡിസിപി സംഗ്രാംസിംഗ് നിശാന്ദര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജനുവരി 31 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.