രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമായി. രാവിലെ 10-ന് ന്യൂഡല്‍ഹി പ്രഗതി മൈതാനിലാരംഭിച്ച ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ വെച്ച് 5ജി സേവനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. തുടക്കത്തില്‍, തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ശ്രമം.
ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി സേവനം ലഭ്യമാക്കുക. ഇതില്‍ എട്ട് നഗരങ്ങളില്‍ ഇന്നു തന്നെ സേവനം ലഭ്യമായി തുടങ്ങും.
കേരളത്തില്‍ ഉള്‍പ്പെടെ 5ജി അടുത്തവര്‍ഷം ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അനുകൂല അന്തരീക്ഷം മുതലെടുക്കാന്‍ കേരളത്തിലെ സാഹചര്യങ്ങളില്‍ മാറ്റം വേണം. സേവനങ്ങള്‍ മത്സരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. ഭൂരിഭാഗവും തദ്ദേശീയസാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
4ജി-യെക്കാള്‍ 100 മടങ്ങ് വേഗത്തില്‍ വേഗത നല്‍കാന്‍ 5ജി-ക്ക് കഴിയും. അതിനാല്‍ ബഫറിംഗ് ഇല്ലാതെ വീഡിയോകള്‍ കാണാനും വേഗത്തില്‍ ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യാനും ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ആളുകളെ സഹായിക്കും.