'തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല'; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കി. വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ഹര്‍ജി വാദം പൂർത്തിയാക്കി വിധി പറയുന്നതിനായി മാറ്റിവച്ചു.

ഒരു സാഹചര്യത്തിലും ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാകില്ലെന്നും വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണുക പ്രായോഗികമായി സാധ്യമല്ലെന്നും ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചു. വിവി പാറ്റില്‍ വോട്ടിങ്ങിന് ശേഷം വോട്ടിങ് മെഷീനും കണ്‍ട്രോള്‍ യൂണിറ്റിമൊപ്പം വിവി പാറ്റും സീല്‍ ചെയ്യാറുണ്ട്. മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയെ പ്രോഗ്രാം ചെയ്യാറുള്ളു. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടിങ് മെഷീനിന്‍റെ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നീ മൂന്നിനും മൈക്രോ കണ്‍ട്രോളേഴ്സ് ഉണ്ട് തുടങ്ങിയ കാര്യങ്ങളും കംമീഷൻ കോടതിയിൽ വ്യക്തമാക്കി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവിപാറ്റുകള്‍ പൂർണമായി എണ്ണണം എന്ന ആവശ്യമായിരുന്നു ഹർജിയിൽ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ലെന്ന് പ്രശാന്ത് ഭൂഷനോട് ജഡ്ജിമാർ പറഞ്ഞു. ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കാനില്ലെന്ന് കോടതി പരാമര്‍ശിച്ചു. മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചാല്‍ ഫലം വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.

നിലവിൽ, എല്ലാ അസംബ്ലി മണ്ഡലങ്ങളിലും തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകൾക്കായാണ് ഈ ക്രോസ് വെരിഫിക്കേഷൻ നടത്തുന്നത്. ഹര്‍ജികളില്‍ വിശദമായ വിധി ഉണ്ടാകുമെന്ന സൂചന ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നല്‍കിയിട്ടുണ്ട്. നിലവിൽ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് കോടതി പറഞ്ഞു.

മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്? മൈക്രോ കണ്‍ട്രോളര്‍ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്? ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര? കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നുണ്ടോ? ഇവിഎമ്മിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ? തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് കോടതി വ്യക്തത ആവശ്യപ്പെട്ടിരുന്നത്.