തമിഴ്നാട്ടില്‍ കൊവിഡ് 19 സമൂഹവ്യാപന ഘട്ടത്തില്‍ എത്തിയന്ന് സംശയം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയെ തുറക്കൂ. ചരക്ക് വാഹനങ്ങളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ ചെന്നൈയില്‍ പ്രവേശിപ്പിക്കൂ.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്‍റെ സമയക്രമവും വെട്ടിച്ചുരുക്കി. മാര്‍ച്ച് 15 ന് ശേഷം വിദേശത്ത് നിന്ന് എത്തിയവരേയും സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിലാക്കും. ഇതുവരെ അമ്പത് പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ റെയില്‍വേ ആശുപത്രിയിലെ ഡോക്റായ കോട്ടയം സ്വദേശിനിക്കും ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം, രാജ്യത്ത് കൊവിഡ് മരണം 27 ആയി. രോഗബാധിതരുടെ എണ്ണം 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ദില്ലിയിൽ 23 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 72 ആയി.