വീണ്ടും കോവിഡ് ആശങ്കയിലൂടെ കടന്നു പോവുകയാണ് രാജ്യം. കഴിഞ്ഞ ഒരു ദിവസത്തിൽ 11692 കോവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഏതാനും ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് കുറവാണെങ്കിലും. തുടർച്ചയായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയ്ക്കിടയാക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്. 5.09 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 66,170 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. കോവിഡ് കേസുകൾ വ്യാപമായതോടെ ഡൽഹിയിൽ കോടതികളിൽ മാസ്ക് നിർബന്ധമാക്കി. ത്രിപുരയിൽ പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പരിശോധനയും നിർബന്ധമാക്കിട്ടുണ്ട്.
അതേസമയം, സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് നിർത്തിയതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാൻ കേന്ദ്രത്തിന്റെ അനുവാദം തേടേണ്ടതില്ല എന്ന് നിർദ്ദേശം നൽകിയതായി പ്രിൻസിപ്പൽ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.