രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 90 ശതമാനം വര്‍ദ്ധന

രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 90 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 2,183 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 214 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത് വീണ്ടും ആശങ്ക ഉണ്ടാക്കുന്നുണ്ട്.

ഒരു മാസത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം 2,000-ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 11,542 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.83 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനമാനവുമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത് ഡല്‍ഹിയിലാണ്. ഇന്നലെ 517 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയ്ക്ക് പുറമേ ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും വൈറസ് വ്യാപനം കൂടുന്നതായി കാണുന്നുണ്ട്. 11 ആഴ്ചയോളമായി താഴ്ന്ന് നിന്ന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യമാണ് ഉള്ളത്.

അതേസമയം രാജ്യത്ത് കോവിഡ് നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് ഐഐടി കാണ്‍പൂര്‍ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കിയത്. നിലവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന്റെ ഫലമായാണ് ഡല്‍ഹി, യുപി എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി കാണുന്നത്. ഇത് ആളുകളുടെ ജീവിതം സാധാരണ നിലയിലേക്ക് മാറിപ്പോള്‍ ഉണ്ടായ മാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

ആളുകള്‍ക്കിടയില്‍ കൊറോണ വൈറസിനെതിരായ സ്വാഭാവിക പ്രതിരോധശേഷി 90% ത്തിന് മുകളിലാണ്. ഇത് പുതിയ വകഭേദങ്ങള്‍ക്ക് വളരാനും വ്യാപിക്കാനും ഇടം നല്‍കില്ലെന്നും മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

Read more

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 186.51 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്.