ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 30 ജീവനക്കാര്‍ കൂടി രോഗബാധിതരാണ്. മുഖ്യമന്ത്രി ഇപ്പോള്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഹോം ഐസൊലേഷനിലാണെന്ന് ഓഫീസ് അറിയിച്ചു.
തിങ്കളാഴ്ച ബിഹാറില്‍ 4,737 പുതിയ കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 20,938 ആയി. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ വര്‍ദ്ധനക്ക് കാരണം ഒമൈക്രോണ്‍ വകഭേദമാണ്. 85 ശതമാനം കേസുകള്‍ക്ക് ഇത് കാരണമാകുന്നു. ബാക്കിയുള്ളത് പ്രധാനമായും ഡെല്‍റ്റ വകഭേദമാണ്. സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലഭിച്ച സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗിന്റെ അടിസ്ഥാനത്തിലാണ് ഇത് വ്യക്തമാകുന്നതെന്ന് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ എന്‍.ആര്‍. ബിശ്വാസ് പറഞ്ഞു.
‘എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍ ശ്വാസകോശത്തില്‍ വൈറസ് ബാധയുണ്ടാക്കിയ ഡെല്‍റ്റ വകഭേദം ഇപ്പോഴും നിലവിലുണ്ട്. ഏകദേശം 12 ശതമാനം കേസുകള്‍ ഇതിന് കാരണമാണ്,’ ബിശ്വാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പകര്‍ച്ചവ്യാധിയുടെ മൂന്നാം തരംഗത്തിനിടെ ബിഹാറില്‍ ആദ്യമായി ഒരു ഡോക്ടര്‍ വൈറസ് ബാധിച്ച് മരിച്ചു. പട്ന മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ മുന്‍ പ്രൊഫസറായ പ്രമീള ഗുപ്തയാണ് ഞായറാഴ്ച വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്.