രാജ്യത്ത് പ്രതിദിന കോവിഡ് മരണം നാലായിരം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4187 പേരാണ് മരിച്ചത്. ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ഇന്നലെ മാത്രം 4,01,228 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്.
22.7 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ അരലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലേറെ പേരും, ഏഴ് സംസ്ഥാനങ്ങളിൽ അര ലക്ഷത്തിലേറെപ്പേരും ചികിത്സയിലുണ്ട്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.
രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ തയ്യാറെടുക്കുമ്പോൾ കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലി, ഹരിയാന, ഒഡിഷ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. മറ്റ് സംസ്ഥാനങ്ങളിൽ ഭാഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.