രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000ത്തില്‍ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,013 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.17 ശതമാനമായി കുറഞ്ഞു.
നിലവില്‍ 1,02,601 പേരാണ് കോവിഡ് ബാധിതരായി രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 119 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,13,843 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,765 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,23,07,686 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.56 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 177.50 കോടി ഡോസ് കോവിഡ് വാക്‌സിനാണ് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് നാലാം തരംഗം ജൂണിലുണ്ടായേക്കുമെന്ന് പഠനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നാം തരംഗത്തില്‍ നിന്ന് വിപരീതമായി ജൂണിലെ വ്യാപനം നാല് മാസം വരെ നീണ്ടുനില്‍ക്കാമെന്നും പ്രവചനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ജൂണ്‍ 22ന് ആരംഭിക്കുന്ന നാലാം തരംഗം ഒക്ടോബര്‍ 24 വരെ നീണ്ടുനില്‍ക്കും. ആഗസ്റ്റ് 23 ഓടെ തരംഗം പാരമ്യത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.