വിദഗ്ധര്‍ നിര്‍ദ്ദേശിച്ചാല്‍ ഉടന്‍ 5-15 പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രി

വിദഗ്ധ ശിപാര്‍ശ ലഭിച്ചാലുടന്‍ കേന്ദ്രം അഞ്ച് മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇത്തരമൊരു ശിപാര്‍ശ ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. എപ്പോള്‍ വാക്‌സിനേഷന്‍ നല്‍കണം, ഏത് പ്രായക്കാര്‍ക്കാണ് നല്‍കേണ്ടത് എന്നതെല്ലാം തീരുമാനിക്കുന്നത് ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ച് ഒരാഴ്ചയ്ക്കകം തന്നെ വാക്‌സിന്‍ നല്‍കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇന്ന് വാക്‌സിനേഷന്‍ ഒരു പ്രശ്‌നമല്ല. മതിയായ വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണ്. ഡോസുകള്‍ക്ക് ഒരു കുറവുമില്ല. ശാസ്ത്ര സമൂഹത്തിന്റെ ശുപാര്‍ശ പാലിച്ച് വാക്‌സിനേഷന്‍ നടപ്പാക്കും. നിലവില്‍ 15-18 പ്രായത്തിനിടയിലുള്ള 75 ശതമാനം കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. മുതിര്‍ന്നവരില്‍ 96 ശതമാനം പേര്‍ ആദ്യ ഡോസും, 77 ശതമാനം പേര്‍ സമ്പൂര്‍ണ വാ്‌സിനേഷനും പൂര്‍ത്തിയാക്കി. കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ഫലപ്രദമായി രാജ്യത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ആദ്യ ഡോസിന്റെ 96 ശതമാനവും രാജ്യ പൂര്‍ത്തിയാക്കിയതിനാല്‍ മൂന്നാം തരംഗത്തെ അതിജീവിക്കാന്‍ കഴിഞ്ഞു. ജനുവരി 3 നാണ് 15 വയസ്സിന് മുകളിലുള്ള ഉള്‍പ്പെടുത്തി വാക്‌സിനേഷന്‍ വിപുലീകരിച്ചത്. ഇതുവരെ 15 നും 17 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ആറ് കോടിയിലധികം ഡോസുകള്‍ വാക്സിന്‍ നല്‍കിയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായുള്ള മുന്‍കരുതല്‍ മൂന്നാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചത് ജനുവരി 10നാണ്.
ഇതുവരെ 1.6 കോടിയിലധികം ഡോസുകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 172 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.