ഉത്തരേന്ത്യന്‍ നിരത്തുകളില്‍ കാലികള്‍ പെരുകുന്നു; റണ്‍വേയില്‍ പശു കടന്നതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു

ഗോവധ നിരോധനം രാജ്യത്ത്,പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ശക്തമായതോടെ നിരത്തുകള്‍ ഉപേക്ഷിക്കപ്പെട്ട കന്നുകാലികളെ കൊണ്ട് നിറഞ്ഞു. ഇതോടെ കാലികള്‍ കാരണമായ റോഡപകടങ്ങളും പെരുകി.

ഇതാ ഇപ്പോള്‍ വിമാനത്താവളത്തിലും പശുക്കള്‍ ശല്യായിരിക്കുകയാണ്. റണ്‍വെയില്‍ പശു കയറിയതിനാല്‍ വ്യാഴാഴ്ച മാത്രം അഹമദാബാദ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ഇറങ്ങാനായില്ല. ഗള്‍ഫില്‍ നിന്ന് വന്ന ഒരു വിമാനത്തിനും മറ്റൊരു കാര്‍ഗോയ്ക്കുമാണ് ഇറങ്ങാനാവാതെ വന്നത്.

പശു മാറാതെ റണ്‍വെയില്‍ അയവെട്ടി നിന്നതോടെ വിമാനം മുബൈയ്ക്ക് പറന്നു. അങ്ങനെ അഹമദാബാദില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ മുബൈയിലേക്ക് പറന്നു. “കാര്‍ഗോ വഴി പശു കയറി.പക്ഷെ വളരെ പെട്ടന്ന് നിയന്ത്രണവിധേയമാക്കി-എയര്‍പ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ് മോഹപത്ര പറഞ്ഞു.