ഗോമൂത്രം ആര്‍.എസ്.എസ് സംഘടനയ്ക്ക് 'അമൃത്'; ഐ.വി.ആര്‍.ഐയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഗോ വിഗ്യാന്‍ അനുസാധന്‍ കേന്ദ്ര; വാദങ്ങള്‍ വിചിത്രം

ഗോമൂത്രം കുടിക്കുന്നത് മനുഷ്യന്റെ ആരോഗ്യം തകര്‍ക്കുമെന്നുള്ള ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.വി.ആര്‍.ഐ) റിപ്പോര്‍ട്ട് തള്ളി ആര്‍എസ്എസ് സംഘടന. ഗോമൂത്രം സുരക്ഷിതമാണെന്നും എന്നാല്‍ അത് പശു ഒഴിവാക്കിയ ഉടന്‍ കുടിക്കണമെന്നുമാണ് ആര്‍.എസ്.എസ് പോഷക സംഘടനയായ ഗോ വിഗ്യാന്‍ അനുസാധന്‍ കേന്ദ്ര(ജി.വി.എ.കെ)യുടെ അവകാശവാദം.

ഗോമൂത്രത്തില്‍ അങ്ങേയറ്റം അപകടകാരികളായ 14 തരം ബാക്ടീരിയകള്‍ അടങ്ങിട്ടുണ്ടെന്ന് ഐ.വി.ആര്‍.ഐ കണ്ടെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള പത്രറിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് ജി.വി.എ.കെ രംഗത്തെത്തിയിരിക്കുന്നത്. പശു തദ്ദേശീയ ഇനത്തില്‍ പെട്ടതും പൂര്‍ണ ആരോഗ്യമുള്ളതുമായിരിക്കണമെന്നും ജി.വി.എ.കെ മേധാവിയും കേന്ദ്ര സര്‍ക്കാരിന്റെ പഞ്ചാഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ സുനില്‍ മന്‍സിന്‍ഗയുടെ വാദം.

Read more

കാലങ്ങളായി ഗോമൂത്രം ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിനെ തള്ളിക്കളയുന്നതാണ് ഐ.വി.ആര്‍.ഐ റിപ്പോര്‍ട്ട്. സംഭവം ആയുഷ് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മന്‍സിന്‍ഗ വ്യക്തമാക്കി. അലോപ്പതി ഡോക്ടര്‍മാര്‍ പോലും ഗോമൂത്രം മരുന്നായി നിര്‍ദേശിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നാഷനല്‍ എന്‍വയോണ്‍മന്റെല്‍ എന്‍ജിനീയറിംഗ് ആന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് സയന്റിസ്റ്റ് ഡോ. കെ കൃഷ്ണ മൂര്‍ത്തിയും ജി.വി.എ.കെക്ക് പിന്തുണയുമായി വാര്‍ത്താസമ്മേളനത്തില്‍ എത്തിയിരുന്നു. ഗോമൂത്രം കാന്‍സര്‍ വരെ തടയുമെന്നായിരുന്നു ഇരുവരും ഉയര്‍ത്തിയ അവകാശവാദം. കൂടുതല്‍ സമയം കഴിഞ്ഞാല്‍ ബാക്ടീരിയ വളരാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ മൂത്രം പശുവില്‍ നിന്നു പുറത്തു വന്ന ഉടന്‍ കുടിക്കലാണ് നല്ലതെന്നും മന്‍സിന്‍ഗ അവകാശപ്പെട്ടു.