സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് ഇന്നും നാളെയും; കെ ഇ ഇസ്മയിലിനെതിരായ അച്ചടക്ക നടപടി ചര്‍ച്ചയാകും

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ദേശീയ എക്‌സിക്യൂട്ടിവ് ഇന്ന് ചേരും. ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ കേരളത്തിലെ മുന്നണി തര്‍ക്കങ്ങള്‍ ചര്‍ച്ചയാകും. കെ.ഇ. ഇസ്മയിലിനെതിരായ അച്ചടക്ക നടപടിയും സംസ്ഥാനത്തെ സിപിഐഎം-സിപിഐ തര്‍ക്കവും രണ്ടു ദിവസം നടക്കുന്ന യോഗം വിശദമായി ചര്‍ച്ച ചെയ്യും.

പാര്‍ട്ടി നിലപാടിനെതിരെ പരസ്യമായി പ്രതികരിച്ചതിനു ഇസ്മയിലിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കടുത്ത നടപടിയിലേക്ക് പോകേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ പൊതുവികാരം. പരസ്യ നടപടിയിലേക്ക് തുനിഞ്ഞാല്‍ തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ നേടിയ പ്രതിച്ഛായയ്ക്കു മങ്ങലേല്‍ക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് കൂട്ടായ തീരുമാനപ്രകാരമല്ലെന്നു കെ.ഇ. ഇസ്മയില്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചിരുന്നു. രാജി വൈകിയിട്ടില്ലെന്നും ഇസ്മയില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് എല്‍ഡിഎഫ് യോഗത്തിനുള്ള പാര്‍ട്ടി പ്രതിനിധി സംഘത്തില്‍ നിന്ന് ഇസ്മയിലിനെ സംസ്ഥാന നേതൃത്വം ഒഴിവാക്കിയിരുന്നു.