പൗരത്വ ഭേദഗതി നിയമ (സിഎഎ)ത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതില്‍ ശക്തിയായ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ. ദ്രോഹകരമായ ഈ നിയമം അസാധുവാക്കാനുള്ള ശ്രമങ്ങള്‍ സിപിഎം തുടരും. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരത്വത്തിന്റെ അടിസ്ഥാനം മതനിരപേക്ഷത ആയിരിക്കണമെന്ന ഭരണഘടനാ തത്വത്തെ ലംഘിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
അയല്‍രാജ്യങ്ങളില്‍നിന്ന് എത്തുന്ന മുസ്ലിങ്ങളോട് വിവേചനപരമായ സമീപനം പ്രാവര്‍ത്തികമാക്കുന്നതാണ് സിഎഎയുടെ ചട്ടങ്ങള്‍. ഈ നിയമം നടപ്പാക്കുന്നതിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രൂപീകരണവുമായി ബന്ധപ്പെടുത്തുന്നതും മുസ്ലിം വിഭാഗത്തിലെ പൗരന്മാരെ വേട്ടയാടാനാണെന്ന് ആശങ്ക ഉയര്‍ത്തുന്നു. പൗരത്വ നിര്‍ണയ പ്രക്രിയയില്‍നിന്ന് സംസ്ഥാന സര്‍ക്കാരുകളെ മാറ്റിനിര്‍ത്തുംവിധമാണ് ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
സിഎഎയെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരുകളെ ഒഴിവാക്കാനാണ് ഈ നടപടി. സിഎഎ പാസാക്കി നാല് വര്‍ഷത്തിനുശേഷം, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിയുള്ളപ്പോള്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിലൂടെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് ഉറപ്പാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആരോപിച്ചു.