ജമ്മു കശ്മീരിലെ ജയവും ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടിയും ബിജെപിക്കെതിരായ വരുംകാല പോരാട്ടത്തില്‍ രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ക്ക് പാഠങ്ങള്‍ പകരുന്നതാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ.
ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാരിന്റെ ആറുവര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നാഷണല്‍ കോണ്‍ഫറന്‍സും സഖ്യകക്ഷികളും സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങുകയാണ്. 370-ാം അനുച്ഛേദം റദ്ദുചെയ്തും സംസ്ഥാന പദവി എടുത്തുകളഞ്ഞും ദുരുദ്ദേശ്യത്തോടെയുള്ള മണ്ഡല പുനര്‍നിര്‍ണയത്തിലൂടെയും ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങളെ അട്ടിമറിക്കാന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ പൂര്‍ണമായും തള്ളുന്നതാണ് ജമ്മു കശ്മീരിലെ ജനവിധി പിബി പറഞ്ഞു.
Read more
ഹരിയാനയില്‍ സീറ്റുകളുടെ എണ്ണത്തില്‍ ബിജെപി ഭൂരിപക്ഷം നേടിയെങ്കിലും കോണ്‍ഗ്രസുമായുള്ള വോട്ടുവ്യത്യാസം 0.6 ശതമാനം മാത്രം. ഗൂഢമായ വര്‍ഗീയ അജന്‍ഡയിലൂടെയും താഴെത്തട്ടിലെ ജാതി ഏകീകരണത്തിലൂടെയുമാണ് ബിജെപി വിജയം നേടിയത്. ഇതടക്കം ബിജെപിയുടെ വിജയത്തിന് കാരണമായ ഘടകങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് സ്വയംപരിശോധന നടത്തണം. ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മുഹമ്മദ് യൂസഫ് തരിഗാമിയെ അഞ്ചാം വട്ടവും തെരഞ്ഞെടുത്ത വോട്ടര്‍മാരെ അഭിനന്ദിക്കുന്നതായും പൊളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.