സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം; സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് ചര്‍ച്ച

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കമാകും . മൂന്ന് ദിവസമായാണ് യോഗം ചേരുന്നത്. ഭരണത്തിലെ ഗവര്‍ണറുടെ ഇടപെടലും മന്ത്രിമാര്‍ക്കും വിസിമാര്‍ക്കുമെതിരായ നീക്കവും ഈ യോഗത്തില്‍ ചര്‍ച്ചയാകും.

കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തൊഴിലാളി സംഘടന റിപ്പോര്‍ട്ടും കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്.

അതേസമയം, ജനങ്ങള്‍ക്ക് ഗവര്‍ണറോടുള്ള പ്രീതി നഷ്ടമായിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. സുപ്രീം കോടതി വിധി വിശദമായി സി പി എം പരിശോധിച്ചു. വിസിമാരെ മാറ്റേണ്ട സാഹചര്യമില്ല.

വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്. ജനങ്ങളുടെ പ്രീതി നഷ്ടമായിരിക്കുന്നത് ഗവര്‍ണര്‍ക്ക് ആണെന്നും എം വി ?ഗോവിന്ദന്‍ പറഞ്ഞിരുന്നു.

അതേസമയം, വിശദീകരണം നല്‍കാന്‍ അനുവദിച്ച സമയം പകുതി പിന്നിട്ടിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് വൈസ് ചാന്‍സിലര്‍മാര്‍ മറുപടി നല്‍കിയിട്ടില്ല. വിശദമായ നിയമോപദേശം ലഭിച്ച ശേഷം മറുപടി നല്‍കിയാല്‍ മതിയെന്നാണ് വിസിമാരുടെ നിലപാട്. വിശദീകരണം ലഭിച്ച ശേഷം അത് പരിശോധിക്കുമെങ്കിലും വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനായിരിക്കും ഗവര്‍ണര്‍ തീരുമാനമെടുക്കുക.

Read more

കഴിഞ്ഞ 25നാണ് നവംബര്‍ മൂന്നിനകം മറുപടി നല്‍കണമെന്ന് കാട്ടി വൈസ് ചാന്‍സലര്‍മാര്‍ക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കത്ത് നല്‍കിയത്. എന്തുകൊണ്ട് നിര്‍ദേശിച്ച സമയത്തിനകം രാജിവച്ചില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കണം. നിയമനം ചട്ടവിരുദ്ധമല്ലെങ്കില്‍ അതും വൈസ് ചാന്‍സിലര്‍മാര്‍ തന്നെ വിശദമാക്കണമെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.