ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം; മോദി സര്‍ക്കാരിന് ഇനിയും നിശബ്ദമായിരിക്കാന്‍ സാധിക്കുകയില്ല; പാര്‍ട്ടി പ്രതിഷേധത്തിന് ഇറങ്ങും; ആഞ്ഞടിച്ച് സിപിഎം

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഎം.
ഒറ്റ ദിവസംകൊണ്ട് കുട്ടികളും സ്ത്രീകളുമടക്കമുള്ള 400 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേലിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പിബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിദ്വേഷം അവസാനിപ്പിച്ച് സമാധാനം പുലരുന്നതിനായി തുടങ്ങിവച്ച രണ്ടാമത് വെടിനിര്‍ത്തല്‍ കരാറില്‍ നിന്നും ഇസ്രായേല്‍ പിന്നോട്ടുപോകുന്ന കാഴ്ചയാണ് ഈ കുറ്റകരമായ പ്രവൃത്തിയിലൂടെ ഇസ്രയേല്‍ നടത്തിയത്.

മാര്‍ച്ച് രണ്ട് മുതല്‍ ഗാസയിലേക്കുള്ള അവശ്യവസ്തുക്കളായ ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്ന് എന്നിവയെല്ലാം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അക്രമം. ഇസ്രയേല്‍ അതിക്രമം കണ്ടില്ലെന്ന് നടിക്കുന്ന ട്രംപ് ഭരണകൂടം ഗാസയെ തകര്‍ത്ത് തരിപ്പണമാക്കി പട്ടിണിക്കിടാനാണ് ശ്രമിക്കുന്നത്.

ഇസ്രയേല്‍ ഉടനടി സൈനിക നീക്കങ്ങള്‍ അവസാനിപ്പിച്ച് രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ തുടരണം. സമാധാനമാഗ്രഹിക്കുന്ന ലോകത്തെ മുഴുവന്‍ പേരും പ്രതീക്ഷിക്കുന്നത് ഇതാണ്. ഇസ്രായേല്‍ അതിക്രമത്തിനെതിരെ മോദി സര്‍ക്കാര്‍ ശക്തമായി രംഗത്തുവരണം. ഗാസയിലെ മുഴുവന്‍ മനുഷ്യരും കൂട്ടക്കുരുതിക്കും പട്ടിണിക്കും വിധേയരാകവെ ഇനിയും മോദി സര്‍ക്കാരിന് നിശബ്ദമായിരിക്കാന്‍ സാധിക്കുകയില്ല.

Read more

എല്ലാ പാര്‍ടി ഘടകങ്ങളും ഇസ്രായേല്‍ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും. എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിലൂടെ പ്രദേശത്ത് സമാധാനം കൊണ്ടുവരണം.