സിപിഎം പാര്‍ട്ടി തന്റെ സ്വതന്ത്രവ്യക്തിത്വം അംഗീകരിച്ചില്ലെന്ന വെളിപ്പെടുത്തലുമായി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പലപ്പോഴും പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രമാണ് പാര്‍ട്ടി തന്നെ പരിഗണിച്ചത്. 1975 മുതല്‍ 1985 വരെയുള്ള അനുഭവങ്ങളുടെ വെളിപ്പെടുത്തി പുറത്തിറക്കിയ ‘ ആന്‍ എജുക്കേഷന്‍ ഫോര്‍ റിത’ എന്ന പുസ്തകത്തിലാണ് വൃന്ദ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സിപിഎം പാര്‍ട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദര്‍ഭങ്ങളില്‍ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവര്‍ പറയുന്നു. ബീയിങ് എ വുമണ്‍ ഇന്‍ ദ പാര്‍ട്ടി എന്ന അദ്ധ്യായത്തിലാണ് ഇക്കാര്യം വൃന്ദ തുറന്ന് പറഞ്ഞിരിക്കുന്നത്.
‘1982 നും 1985 നും ഇടയില്‍ പ്രകാശായിരുന്നു പാര്‍ട്ടി ഡല്‍ഹി ഘടകം സെക്രട്ടറി. അക്കാലത്തു ഞാന്‍ വിലയിരുത്തപ്പെടുന്നുവെന്നോ എന്റെ പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേര്‍ത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു… പക്ഷേ, പിന്നീട് അതായിരുന്നില്ല അനുഭവം.
ഡല്‍ഹിക്കുപുറത്തു ദേശീയതലത്തില്‍ പാര്‍ട്ടിയിലും മറ്റു സംഘടനകളിലും ഞാന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തു. ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷട്രീയഭിന്നതകളുടെ സമയത്ത് അങ്ങനെ പലതവണ ഉണ്ടായി. ദുഷ്ടലാക്കോടെ മാദ്ധ്യമങ്ങളില്‍ വരുന്ന ഗോസിപ്പുകളും അതിനു കാരണമായി. സഖാക്കളുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കൂടുതല്‍ ബോധവതിയാവാന്‍ ഞാന്‍ നിര്‍ബന്ധിതയായി. അധികമായ സൂക്ഷ്മപരിശോധനയുടെ ഭാരം ഞാന്‍ നേരിടേണ്ടിവന്നുവെന്നും അവര്‍ പുസ്തകത്തിലൂടെ പറയുന്നു.
നേരത്തെ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയില്‍ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല്‍ ബൃന്ദയുടെ ആവശ്യം പിന്നീട് പാര്‍ട്ടിയില്‍ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു.
ആണവകരാറിനെതിരെ കോണ്‍ഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് ‘പതി പത്നി ഓര്‍ വോ’ എന്ന സിനിമാപ്പേരിനോട് ചേര്‍ത്ത് വെച്ചാണ് തന്നെ വായിച്ചതെന്നും പറയുന്നു. അന്ന് പാര്‍ട്ടി പിബിയില്‍ തനിക്ക് പിന്തുണ നല്‍കിയത് കേരളത്തില്‍ നിന്നുള്ള പിബി അംഗമായ എസ് രാമചന്ദ്രന്‍ പിള്ളയായിരുന്നുവെന്നും അവര്‍ പുസ്‌കത്തിലൂടെ വെളിപ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്നുവെന്ന് എക്കാലത്തും പറയുന്ന സിപിഎമ്മിനെ വൃന്ദയുടെ വെളിപ്പെടുത്തല്‍ വെട്ടിലാക്കിയിട്ടുണ്ട്.