പരീക്ഷകള്‍ അട്ടിമറിയില്‍ സിബിഐയെ നിയോഗിച്ചതില്‍ ഗൂഢലക്ഷം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഎം പിബി

നീറ്റ് – നെറ്റ് എന്നിവ ഉള്‍പ്പെടെയുള്ള കേന്ദ്രീകൃത അഖിലേന്ത്യാ പരീക്ഷകള്‍ അട്ടിമറിക്കപ്പെട്ട സംഭവവികാസങ്ങളെ ശക്തമായി അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ സുപ്രധാന മേഖലകളെയാകെ ബാധിക്കുന്നതും അതിന്റെ എല്ലാ ക്രമങ്ങളെയും തകിടം മറിക്കുന്നതുമാണ് ഇത്തരം നീക്കങ്ങള്‍.

പരീക്ഷകളില്‍ തുടര്‍ച്ചയായി നടക്കുന്ന ഇത്തരം ക്രമക്കേടുകള്‍ കേവലം അഴിമതി എന്നതിനപ്പുറം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കേന്ദ്രീകരണം, വാണിജ്യവല്‍ക്കരണം, വര്‍ഗീയവല്‍ക്കരണം എന്നിവയുടെ കൂടി പരിണിതഫലമാണ്. വ്യാപം അഴിമതി പോലെ ഈ ക്രമക്കേടും തുടച്ചു നീക്കാനാണ് അന്വേഷണത്തിനായി സിബിഐയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

നീറ്റ് – നെറ്റ് പരീക്ഷകളില്‍ നടന്ന ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം. ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂര്‍ണ്ണവുമായ ഒരു രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രീകൃത ഭരണം പിന്‍വലിച്ച് കേന്ദ്രീകൃത നീറ്റ് പരീക്ഷകള്‍ ഒഴിവാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്.

പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായുള്ള പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന് ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രത്യേക നടപടിക്രമങ്ങള്‍ അനുവദിക്കണം. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനും മറ്റ് നടപടിക്രമങ്ങള്‍ക്കുമുള്ള ചുമതല അതതു സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.