ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഭരണഘടനയെയും റിപ്പബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവത്തെയും സംരക്ഷിക്കുമെന്ന് ഉറപ്പിച്ച ഇന്ത്യയിലെ ജനങ്ങള്‍ ബിജെപിയുടെ ഭൂരിപക്ഷം കുറച്ചു. 400 സീറ്റുകള്‍ നേടുമെന്ന് പ്രചരണം നടത്തിയ ബിജെപിക്ക് 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 63 സീറ്റുകള്‍ കുറഞ്ഞു. 20 ശതമാനത്തിലധികം കുറവാണിത്.
ഇന്ത്യാ കൂട്ടായ്മ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകള്‍ നേടി. പോള്‍ ചെയ്തതിന്റെ 43.31 ശതമാനം വോട്ടുകള്‍ എന്‍ഡിഎയും 41.69 ശതമാനം വോട്ടുകള്‍ ഇന്ത്യ കൂട്ടായ്മയും നേടി. 2 ശതമാനത്തില്‍ താഴെയാണ് വോട്ടുവിഹിതത്തിലുള്ള വ്യത്യാസം.
എട്ട് എംപിമാരുമായി ഇടതു പാര്‍ട്ടികള്‍ ലോക്‌സഭയില്‍ തങ്ങളുടെ സാന്നിധ്യം നേരിയ തോതില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സിപിഐ എമ്മിന്റെ പ്രകടനം, പ്രത്യേകിച്ച് കേരളത്തില്‍, നിരാശജനകമാണ്. സംസ്ഥാന ഘടകങ്ങള്‍ നടത്തുന്ന അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള ആത്മപരിശോധന നടത്തും.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയുള്ള വ്യാപകമായ ആക്രമണങ്ങള്‍, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം എന്നീ സാഹചര്യങ്ങള്‍ക്കിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുകയും കോണ്‍ഗ്രസിന്റെയും സിപിഐ എമ്മിന്റെയുമടക്കം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. എന്‍സിപിയും ശിവസേനയും പോലുള്ള പ്രതിപക്ഷ പാര്‍ട്ടികളെ പണശക്തിയും കേന്ദ്ര ഏജന്‍സികളുടെ ഭീഷണിയും ഉപയോഗപ്പെടുത്തി പിളര്‍പ്പിലെത്തിച്ച ബിജെപി പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ എല്ലാത്തരം രാഷ്ട്രീയ തന്ത്രങ്ങളും അവലംബിച്ചു. അങ്ങനെ ജെഡിയുവെ തിരിച്ച് എന്‍ഡിഎയില്‍ എത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമീഷന്‍ ശക്തമായി ഇടപെട്ടിരുന്നുവെങ്കില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും നില കൂടുതല്‍ പ്രതികൂലമാകുമായിരുന്നു. ബിജെപിയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതില്‍ തിരഞ്ഞെടുപ്പ് കമീഷന്റെ പങ്ക് വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരായിരുന്നിട്ടും മോദിയുടെയും പല ബിജെപി നേതാക്കളുടെയും പ്രകോപനപരമായ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയെടുക്കാഞ്ഞതും പോള്‍ ചെയ്ത വോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള വിമുഖതയും കമീഷന്റെ വിശ്വാസ്യതയില്‍ സംശയമുയര്‍ത്തുന്നതാണ്.
ബിജെപി തങ്ങളുടെ ആശയങ്ങള്‍ മാത്രം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ വലിയ തോതില്‍ ഉപയോ?ഗിച്ചത് എക്സിറ്റ് പോളുകളിലും പ്രതിഫലിച്ചു. കൂട്ടുനില്‍ക്കുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്കൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും സ്വന്തം അജന്‍ഡയ്ക്ക് അനുസരിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും ബിജെപി അവരുടെ പണശക്തി ഉപയോഗിച്ചു. പലയിടത്തും വോട്ടര്‍മാര്‍ക്ക് നേരിട്ട് പണം നല്‍കാന്‍ ആയിരക്കണക്കിന് കോടികള്‍ ചെലവിട്ടു.
ഭരണഘടന, ജനാധിപത്യം, പൗരസ്വാതന്ത്ര്യം എന്നിവയ്ക്കെതിരായ ഭീഷണികളും തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക ദുരിതം തുടങ്ങിയ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിനാണ് ഇന്ത്യാ കൂട്ടായ്മ ഊന്നല്‍ നല്‍കിയത്. കര്‍ഷര സമരം അടക്കമുള്ള ജനകീയ പ്രതിരോധങ്ങള്‍ വലിയ തോതില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, പശ്ചിമ യുപി എന്നിവടങ്ങളിലുള്ള കാര്‍ഷിക പ്രദേശങ്ങളില്‍ ബിജെപിക്ക് 38 സിറ്റിംഗ് സീറ്റുകളാണ് നഷ്ടപ്പെട്ടത്. 159 ഗ്രാമീണ നിയോജക മണ്ഡലങ്ങളില്‍ ജനങ്ങള്‍ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തുവെന്നാണ് കണക്ക്.
കേവലഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും മോദിയുടെ ആധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി ബിജെപി ശക്തമായി മുന്നോട്ടുപോകും. ഹിന്ദുത്വ സ്വേച്ഛാധിപത്യ പ്രവണതകളെയും ഹിന്ദുത്വ-കോര്‍പ്പറേറ്റ് കൂട്ടുകെട്ടിനെയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നതിലും മതേതര ജനാധിപത്യം, ജനങ്ങളുടെ ഉപജീവനം, സാമ്പത്തിക പരമാധികാരം, സാമൂഹ്യ നീതി, ഫെഡറലിസം എന്നിവ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ കൂട്ടായ്മ മുന്നോട്ടുപോകേണ്ടതുണ്ട്. ഫാസിസ്റ്റ് രീതികള്‍ക്കെതിരെയുള്ള പോരാട്ടം വരും നാളുകളില്‍ പാര്‍ലമെന്റിനകത്തും പുറത്തും കൂടുതല്‍ ശക്തമാക്കേണ്ടതുമുണ്ട്.