ടെലികോം കമ്പനികളായ ജിയോയും എയര്‍ടെല്ലും സ്റ്റാര്‍ലിങ്കുമായി സഹകരിക്കുന്നുവെന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് സിപിഎം പിബി. കൃത്രിമോപഗ്രഹങ്ങളുടെ സഹായത്താല്‍ രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന വാഗ്ദാനം നിറവേറ്റുന്നതിനായാണ് കമ്പനികള്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി സഹകരിക്കുന്നത്. ഈ സഹകരണം സ്‌പെക്ട്രം വിതരണം, ദേശീയ സുരക്ഷ എന്നീ കാര്യങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതാണ്.
സ്പെക്ട്രം എന്നത് അപൂര്‍വമായ വിഭവമാണെന്നും സ്വകാര്യ വ്യക്തികളെ ഇതുമായി ബന്ധപ്പെടുത്തുന്നത് തുറന്ന ലേലത്തിലുടെ ആയിരിക്കണമെന്നും സുപ്രീംകോടതി റ്റു ജി (2ഏ) കേസില്‍ നിലപാടെടുത്തതാണ്. അതുകൊണ്ടുതന്നെ സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള ഏതൊരു സ്വകാര്യ ഇടപാടും രാജ്യത്തെ നിയമത്തിന്റെ ലംഘനമായിരിക്കും. ജിയോ, എയര്‍ടെല്‍, സ്റ്റാര്‍ലിങ്ക് എന്നിവ ചേര്‍ന്ന് സാറ്റ്ലൈറ്റ് സ്‌പെക്ട്രം ഉപയോഗത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരു സഖ്യം രൂപീകരിക്കുന്നത് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ടെലികോം വരിക്കാരെ ബാധിക്കും.
ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധം തുടങ്ങിയ തന്ത്രപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സാറ്റ്ലൈറ്റ് സ്‌പെക്ട്രം അനുവദിക്കേണ്ടത്. സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമല്ല ഇത്, ഒരു രാജ്യത്തിന് എത്ര ഓര്‍ബിറ്റല്‍ സ്ലോട്ടുകള്‍ ഉണ്ട് എന്നുള്ളതിന്റെ ചോദ്യം കൂടിയാണ്. സുപ്രാധാനമായ ഓര്‍ബിറ്റല്‍ സ്ലോട്ടുകളില്‍ സ്റ്റാര്‍ലിങ്കിന്റെ സാറ്റ്ലൈറ്റുകള്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കുന്നത് രാജ്യത്തിന്റെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരിക്കും. ഇതുവഴി പ്രതിരോധം, കാലാവസ്ഥാ തുടങ്ങിയവയെ പറ്റിയുള്ള വിവരങ്ങള്‍ സ്റ്റാര്‍ലിങ്കിന് ശേഖരിക്കാനും സാധിക്കും. ഐഎസ്ആര്‍ഒ പോലുള്ള ഏജന്‍സിക്ക് മാത്രമാണ് ഇപ്പോള്‍ ഇത് സാധ്യമാവുന്നത്.
ടെലികോം കമ്പനികളുടെ സേവനങ്ങളും ഒരു രാജ്യത്തിന്റെ പ്രതിരോധത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഉക്രൈയ്ന് നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് യുഎസ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സെലന്‍സ്‌കിക്ക് യുഎസ് ആവശ്യങ്ങളുടെ ഭാഗമായി പല വിഭവങ്ങളും അമേരിക്കയ്ക്ക് കൈമാറേണ്ടി വന്നതും റഷ്യയുമായി ചര്‍ച്ചയ്ക്ക് ഇരിക്കേണ്ടി വന്നതും.
Read more
യുഎസ് മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു ചര്‍ച്ച. വളരെ തന്ത്രപ്രധാനമായ സാറ്റ്ലൈറ്റ് സ്‌പെക്ട്രവും ഓര്‍ബിറ്റല്‍ സ്ലോട്ടുകളും സ്വന്തമാക്കാനും ബഹിരാകാശ കുത്തക സൃഷ്ടിക്കാനും സ്റ്റാര്‍ലിങ്ക് പോലുള്ള ഒരു യുഎസ് കമ്പനിയെ അനുവദിക്കുന്നത് ഇന്ത്യയുടെ ദേശീയ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കും.