നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗം; സംയുക്ത സേനാമേധാവി ഉള്‍പ്പെടെ യോഗത്തില്‍

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗം ചേര്‍ന്നു. സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു.

പാകിസ്ഥാന്‍ അഞ്ചാം ദിവസവും അതിര്‍ത്തിയില്‍ പ്രകോപനപരമായ വെടിവെയ്പ്പ് തുടരുന്നതിനിടെയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് സിമിതി യോഗം ബുധനാഴ്ച നടക്കാനിരിക്കെയാണ് മോദിയുടെ വസതിയില്‍ നിര്‍ണായക യോഗം ചേര്‍ന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്റ് ക്യാബിനറ്റ് ഉപസമിതി യോഗത്തിന് മുന്നോടിയായി ചില കാര്യങ്ങള്‍ വിലയിരുത്താനാണ് നിലവിലുള്ള കൂടിക്കാഴ്ചയെന്നും റിപ്പോര്‍ട്ടുകളുണ്ട്.ആദ്യ യോഗത്തിലാണ് നയതന്ത്ര – സൈനിക തലങ്ങളില്‍ പാകിസ്ഥാനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

നിയന്ത്രണ രേഖയിലും മറ്റ് അതിര്‍ത്തികളിലുമുള്ള ഏറ്റുമുട്ടല്‍ യോഗം വിലയിരുത്തും. സ്ഥലം എവിടെയെന്ന് വെളിപ്പെടുത്താതെ നടത്തുന്ന ആക്രമണത്തിന്റെയും വിശദാംശങ്ങള്‍ സമിതി പരിശോധിക്കും. യോഗത്തിന്റെ തീരുമാനം എന്താകുമെന്നതില്‍ കടുത്ത ആകാംക്ഷ നിലനില്‍ക്കുകയാണ്.

Read more

ഇതിനിടെയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ ഉന്നത തല യോഗം ചേര്‍ന്നത്. ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തില്‍ ബിഎസ്എഫ്, സിആര്‍പിഎഫ്, അസംറൈഫിള്‍സ്, എന്‍എസ് ജി മേധാവിമാര്‍ പങ്കെടുത്ത് സാഹചര്യം വിലയിരുത്തി. രാവിലെ നടന്ന പൊതു പരിപാടിയില്‍ ലക്ഷ്യം വലുതാണെന്നും, സമയം കുറവാണെന്നമുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം അടിയന്തര സാഹചര്യത്തിന്റെ സൂചനയായി.