സിയുഇടി യുജി പരീക്ഷാ ഫലം ജൂലൈ 22നുള്ളിൽ പ്രസിദ്ധീകരിക്കും; ആയിരത്തോളം വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ

ഈ വർഷത്തെ കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ഫലം ജൂലൈ 22നുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് എൻടിഎ. ആയിരത്തോളം വിദ്യാർത്ഥികൾക്ക് ജൂലൈ 19ന് വീണ്ടും പരീക്ഷ നടത്തുമെന്നും ഓണ്‍ലൈനായാണ് പരീക്ഷ നടത്തുകയെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. സിയുഇടി ഫലങ്ങൾ ജൂൺ 30 ന് പ്രസിദ്ധീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നീറ്റ് യുജി, യുജിസി നെറ്റ്, സിഎസ്ഐആർ യുജിസി നെറ്റ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതി ഉയർന്നതോടെ സിയുഇടി ഫലം പ്രസിദ്ധീകരിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

നേരത്തെ പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പരാതികൾ ശരിയെന്ന് കണ്ടെത്തിയാൽ ജൂലൈ 15 നും 19 നും ഇടയിൽ വീണ്ടും പരീക്ഷ നടത്തുമെന്ന് എൻടിഎ അറിയിച്ചു. അതേസമയം നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച അന്വേഷണ പരിധിയിലുള്ള ഹസാരിബാഗിലെ ഒയാസിസ് പബ്ലിക് സ്‌കൂളിൽ നിന്നുള്ള ഏകദേശം 250 പേർ വീണ്ടും പരീക്ഷ എഴുതും. സമയനഷ്ടം, മറ്റ് ഭാഷയിലെ ചോദ്യപേപ്പർ തെറ്റി വിതരണം ചെയ്തു തുടങ്ങിയ പരാതികൾ ഉന്നയിച്ചവരും വീണ്ടും പരീക്ഷ എഴുതുന്നവരിൽ ഉള്‍പ്പെടുന്നു. ജൂലൈ 19 ന് വീണ്ടും പരീക്ഷ നടത്തിയ ശേഷം ജൂലൈ 22നകം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് എൻടിഎയുടെ അറിയിപ്പ്.

അതേസമയം സിയുഇടി പരീക്ഷയുടെ ഉത്തര സൂചിക എൻടിഎ പുറത്തിറക്കിയിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ 46 കേന്ദ്ര സർവകലാശാലകളിലെ ഭൂരിഭാഗം ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള ഏകജാലക പരീക്ഷയാണ് സിയുഇടി യുജി. ആദ്യമായി ഈ വർഷത്തെ പ്രവേശന പരീക്ഷ ഹൈബ്രിഡ് ഫോർമാറ്റിലാണ് നടത്തിയത്. ഓൺലൈനിലും ഓഫ്‍ലൈനിലുമായി ഒന്നിലധികം ഷിഫ്റ്റുകളിലായാണ് പരീക്ഷ പൂർത്തിയാക്കിയത്. പരീക്ഷാ ഫലം വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.