പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രക്ഷോഭം ആളിക്കത്തുകയാണ്. ഗുവാഹാത്തിയില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി വച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പൊലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുുകയാണ്. വാഹനങ്ങളും മറ്റും പ്രതിഷേധക്കാര്‍ കത്തിച്ചു. ഇതിനിടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഒരു കേന്ദ്രമന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് വരെയായിരുന്നു നേരത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ സംഘര്‍ഷം വ്യാപിച്ചു. തുടര്‍ന്നാണ് കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടിയത്.
ബുധനാഴ്ച രാത്രിയിലാണ് മുഖ്യമന്ത്രിയുടെ ദുബ്രുഗഡിലെ വീടിന് നേരെ കല്ലേറുണ്ടായത്. ഇതേ ജില്ലയിലുള്ള ബിജെപി എംഎല്‍എ പ്രശാന്ത ഫുകന്‍, മറ്റൊരു പാര്‍ട്ടി നേതാവ് സുഭാഷ് ദത്ത ദുലിയാജന്‍ നഗരത്തിലുള്ള കേന്ദ്ര മന്ത്രി രമേശ്വര്‍ തെളി എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് തീവെയ്പ്പും ആക്രമണവുമുണ്ടായത്.
പ്രതിഷേധക്കാര്‍ പ്രചബുവ, പാനിറ്റോള റെയില്‍വേ സ്റ്റേഷനുകള്‍ നശിപ്പിക്കുകയും തീ വെയ്ക്കുകയും ചെയ്തതോടെ ദിബ്രുഗഡ് ജില്ലയിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് ഈ സംഭവങ്ങളുണ്ടായത്.
ഗുവാഹാത്തിയില്‍ രണ്ട് കമ്പനി സൈന്യത്തേയാണ് വിന്യസിച്ചിട്ടുള്ളത്. ഇവര്‍ നഗരത്തില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. ഗുവാഹാത്തിയിലടക്കം ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. പ്രതിഷേധം കാരണം ബുധനാഴ്ച മുഖ്യമന്ത്രി സോനോവാള്‍ ഗുവാഹത്തി വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങിയിരുന്നു.
അസമിനെ കൂടാതെ മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്. ത്രിപുരയില്‍ പ്രക്ഷോഭം നേരിടാന്‍ അസം റൈഫിള്‍സിനേയാണ് ഇറക്കിയിരിക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ബുധനാഴ്ച 5000 അര്‍ദ്ധ സൈനികരെ കൂടി വ്യോമമാര്‍ഗം എത്തിച്ചു. സി.ആര്‍.പി.എഫ്., ബി.എസ്.എഫ്., എസ്.എസ്.ബി. എന്നീ സേനകളില്‍ നിന്നുള്ള 50 കമ്പനി ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. കശ്മീരിലെ അതിര്‍ത്തി മേഖലയില്‍നിന്നു പിന്‍വലിച്ചതാണ് ഇതില്‍ 20 കമ്പനിയും.
.