മഹാരാഷ്ട്ര ബിജെപിയെ ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് നയിക്കും; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; കോണ്‍ഗ്രസ് വിട്ടുവന്ന അശോക് ചവാന്റെ മകള്‍ക്കും സീറ്റ്

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നയിക്കും. പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഉപമുഖ്യമുന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പുര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. 2009 മുതല്‍ ഫഡ്നവിസ് നിലനിര്‍ത്തുന്ന സീറ്റാണിത്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലേ കാംത്തി മണ്ഡലത്തിലാണ് മത്സരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 99 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ മകള്‍ ശ്രീജയ ചവാനും (ഭോക്കര്‍) പട്ടികയിലുണ്ട്. നിലവില്‍ ബി.ജെ.പിയുടെ രാജ്യസഭാംഗമാണ് അശോക് ചവാന്‍. ശ്രീജയ ചവാന്‍ ഉള്‍പ്പടെ 13 വനിതകളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. സ്ഥാനാര്‍ഥികളില്‍ വലിയൊരു വിഭാഗവും സിറ്റിങ് എം.എല്‍.എമാരാണ്.

Read more

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഉടന്‍ പുറത്തുവരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശനിയാഴ്ച ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 20 നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 23 നാണ് വോട്ടെണ്ണല്‍. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ സഖ്യധാരണകള്‍ പ്രകാരം ബി.ജെ.പി 160 സീറ്റുകളിലാണ് മത്സരിക്കുക.