ഡി രാജ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി തുടരും. ദേശീയ കൗണ്‍സില്‍ ഒറ്റക്കെട്ടായാണ് ഡി രാജയെ തെരഞ്ഞെടുത്തത്. പൊതുചര്‍ച്ചയില്‍ ഡി രാജക്കെതിരെ കേരളം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. എപ്പോഴും യുദ്ധം തോല്‍ക്കുമ്പോള്‍ സേനാ നായകര്‍ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നാണ് കേരള ഘടകം വിമര്‍ശിച്ചത്.
ദേശീയ നേതൃത്വം അലസതയാണ് കാണിക്കുന്നതെന്ന് മന്ത്രി പി പ്രസാദും ആരോപിച്ചിരുന്നു. നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണം. പദവികള്‍ അലങ്കാരമായി കൊണ്ടുനടക്കരുതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്നും ഏഴ് പുതു മുഖങ്ങളെയാണ് തിരഞ്ഞെടുത്തത്. മന്ത്രിമാരായ കെ രാജന്‍, ജിആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പിപി സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്.
കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി സത്യന്‍ മൊകേരിയും എത്തും. പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, സിഎന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവര്‍ കൗണ്‍സിലില്‍ നിന്നും പുറത്തായി. അതേസമയം മന്ത്രി വി സുനില്‍ കുമാര്‍ ദേശീയ കൗണ്‍സിലില്‍ ഇടം പിടിച്ചില്ല.
കാനം പക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിഗണിക്കാത്തതെന്ന് സൂചനയുണ്ട്. കെ ഇ ഇസ്മയില്‍ പക്ഷത്തെ പ്രതിനിധിയാണ് വി എസ് സുനില്‍ കുമാര്‍.