ഗുജറാത്തിലെ ദളിത് നേതാവും, കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍. ഇന്നലെ രാത്രി 11.30 ഓടെയാണ് ഗുജറാത്ത് പാലന്‍പുര്‍ സര്‍ക്യൂട്ട് ഹൗസില്‍ നിന്ന് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് പിന്നിലെ കാരണം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ രാത്രി അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ഇദ്ദേഹത്തെ ഇന്ന് അസമിലേക്ക് കൊണ്ടുപോകും.
ദളിത് നേതാവും രാഷ്ട്രീയ പാര്‍ട്ടിയായ രാഷ്ട്രീയ ദളിത് അധികാര് മഞ്ചിന്റെ കണ്‍വീനറുമാണ് മേവാനി. 2021 സെപ്റ്റംബറിലാണ് സ്വതന്ത്ര എംഎല്‍എയായ മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസമില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റെന്നാണ് സൂചന. അധികാരികളുടെ നിര്‍ദ്ദേശ പ്രകാരം മേവാനിയുടെ ചില സമീപകാല ട്വീറ്റുകള്‍ തടഞ്ഞുവച്ചതായി ട്വിറ്റര്‍ അക്കൗണ്ടില്‍ കാണിക്കുന്നുണ്ട്.
എഫ്ഐആറിന്റെയോ പൊലീസ് കേസിന്റെയോ പകര്‍പ്പ് ഇതുവരെ തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് മേവാനിയുടെ സഹായികള്‍ പറയുന്നു. മേവാനിയെ അറസ്റ്റ് ചെയ്ത അസം പൊലീസ് ഇന്ന് അഹമ്മദാബാദില്‍ നിന്ന് ഗുവാഹത്തിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധിക്കും. ‘ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഈ വര്‍ഷം അവസാനത്തോടെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മേവാനിയുടെ അറസ്റ്റ്.