തമിഴ്‌നാട്ടിൽ പഞ്ചായത്ത് പ്രസിഡന്റായ ദളിത് സ്ത്രീയെ തറയിലിരുത്തി ഭരണസമിതി യോഗം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വൈസ് പ്രസിഡന്റ് മോഹൻ രാജിനെയും സെക്രട്ടറി സുന്ദൂജയയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെർകു തിട്ടൈ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എസ്.സി, എസ്.ടി ആക്ട് പ്രകാരമാണ് അറസ്റ്റ്.
ജൂലൈ 17-നാണ് പഞ്ചായത്ത് യോഗം നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജേശ്വരിക്കാണെങ്കിലും യോഗം വിളിക്കാനൊന്നും രാജേശ്വരിയെ അനുവദിച്ചിരുന്നില്ല. രാജേശ്വരിക്ക് ജാതിയുടെ പേരിൽ മറ്റ് പഞ്ചായത്തംഗങ്ങളിൽ നിന്നുണ്ടായ വിവേചനം പുറംലോകം അറിയുന്നത് യോഗത്തിനിടെ രാജേശ്വരി നിലത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ്.
രാജേശ്വരിയെ മാത്രമല്ല, മറ്റൊരു ദളിത് പഞ്ചായത്തംഗത്തെ കൂടി നിലത്തിരുത്തിയാണ് മറ്റ് അംഗങ്ങൾ തൊട്ടടുത്ത് കസേരയിലിരുന്ന് യോഗം കൂടിയത്. രാജേശ്വരിയുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി പഞ്ചായത്ത് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.