മഹാരാഷ്ട്രയിൽ ദളിത് - മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ കൊല്ലപ്പെട്ടു, നാളെ ബന്ദ്

മഹാരാഷ്ട്രയിൽ ദളിത്-മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പൂനെയില്‍ ദളിത് വിഭാഗം സംഘടിപ്പിച്ച റാലിയില്‍ ആക്രമണമുണ്ടായതാണ് വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. കോറെഗോണ്‍ ഭീമ യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ദലിത് റാലിക്ക് നേരെയാണ് അതിക്രമമുണ്ടായത്.ദലിത് വിഭാഗമായ മെഹര്‍ സമുദായക്കാരാണ് റാലി നടത്തിയത്.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷമുണ്ടായി.ആക്രമണത്തിനിടെ ഔറംഗബാദില്‍ ഒരാള്‍ കൊല്ലപ്പെട്ടു.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.സംഘടനകള്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തു.

ദലിത് സംഘടനകള്‍ ദേശീയപാതകള്‍ ഉപരോധിക്കുകയാണ്. പ്രവര്‍ത്തകര്‍ നൂറിലധികം വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മുംബൈയില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.

Read more

ആക്രമികള്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനെതുടര്‍ന്ന് ഇസ്റ്റേണ്‍ എക്‌സ്പ്രസ് വേ അടച്ചെങ്കിലും വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. ദളിത് നേതാവ് ജിഗ്നേഷ് മേവാനി നാളെ മുംബൈയിലെത്തും.