ദാഹം സഹിക്കവയ്യാതെ അധ്യാപകരുടെ കൂളറിൽ നിന്ന് വെള്ളം കുടിച്ചു, ജാതിപറഞ്ഞ് ദളിത് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം

സ്‌കൂളിൽ അധ്യാപകർക്കായി സൂക്ഷിച്ചിരുന്ന കൂളറിൽ നിന്ന് വെള്ളം കുടിച്ചതിന് ദളിത് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം. രാജസ്ഥാനിലെ ഭരത്പൂരിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ക്യാംപസിലെ ടാങ്കിൽ വെള്ളമില്ലാത്തതിനാൽ ദാഹം സഹിക്കവയ്യാതെയാണ് അധ്യാപകർക്കും ജീവനക്കാർക്കും കുടിക്കാനായി കൊണ്ടുവെച്ച വെള്ളത്തിൽ നിന്ന് കുറച്ച് എടുത്ത് കുടിച്ചതെന്ന് മർദനമേറ്റ ഏഴാം ക്ലാസ് വിദ്യാർഥി പറയുന്നു.

സെപ്തംബർ എട്ടിനാണ് സംഭവം നടന്നത്. മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് ഗംഗാറാം ഗുർജർ എന്ന അധ്യാപകൻ അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് വിദ്യാർഥി പറഞ്ഞു. കുട്ടിയുടെ മുതുകിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവം നടന്ന അന്ന് രാവിലെ സ്‌കൂളിൽ പ്രാർഥനാ യോഗം നടന്നിരുന്നു. ഇതിന് ശേഷം ദാഹം അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌കൂളിലെ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം കുടിക്കാൻ പോയി. എന്നാൽ അതിൽ വെള്ളം ഉണ്ടായിരുന്നില്ല. ദാഹം സഹിക്കാതായതോടെ അധ്യാപകർക്കായി കൊണ്ടുവെച്ച കൂളറിൽ നിന്ന് വെള്ളം കുടിച്ചുവെന്ന് വിദ്യാർഥി പറയുന്നു.

ഇത് കണ്ട ഗംഗാറാം ഗുർജർ എന്ന അധ്യാപകൻ വിദ്യാർഥിയെ വടികൊണ്ട് അടിക്കുകയും ചവിട്ടുകയുമായിരുന്നു. അധ്യാപകൻ വെള്ളം കുടിച്ച കുട്ടികളോടെല്ലാം ജാതി ചോദിക്കുകയും, തന്റെ ജാതി പറഞ്ഞപ്പോൾ അടിക്കാൻ തുടങ്ങുകയായിരുന്നെന്നും കുട്ടി പറയുന്നു. മർദനത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ മാതാപിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിച്ചത്.

ജാതിവിവേചനം നടത്തിയെന്നാരോപിച്ച് അധ്യാപകനെതിരെ കുടുംബം ലോക്കൽ പൊലീസിൽ പരാതി നൽകി. വിഷയം അന്വേഷിക്കുകയാണെന്ന് എസ്എച്ച്ഒ സുനിൽ കുമാർ അറിയിച്ചു. സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്.