ഗുജറാത്തില്‍ ദളിത് യുവാവിന് ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് യുവാവിനെ സഹപ്രവര്‍ത്തകര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. സെപ്റ്റംബര്‍ 28ന് ആയിരുന്നു സംഭവം നടന്നത്. പാലന്‍പൂരിലെ സ്വകാര്യ സ്ഥാപനത്തിലെ എഞ്ചിനീയറാണ് മര്‍ദ്ദനമേറ്റ യുവാവ്.
യുവാവിനെ സഹപ്രവര്‍ത്തകര്‍ ജന്മദിനാഘോഷത്തിനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് വഴിയരികില്‍ വാഹനം നിര്‍ത്തിയ ശേഷം സഹപ്രവര്‍ത്തകര്‍ ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമിച്ചവര്‍ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയതായും യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് കൈകാലുകള്‍ക്ക് പൊട്ടലുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍ തുടരുന്നു. പ്രതികള്‍ക്കെതിരെ കേസെടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. ഗുജറാത്തില്‍ ദളിതര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും ഇത്തരക്കാര്‍ നിയമത്തെ ഭയക്കുന്നില്ലെന്നും കോണ്‍ഗ്രസ് പട്ടിക ജാതി സെല്‍ ചെയര്‍മാനായ ഹിതേന്ദ്ര പിതാഡിയ ആരോപിച്ചു.