'ദളിതർ ഇന്ത്യ വിടൂ', 'ഹിന്ദു- ആർഎസ്എസ് സിന്ദാബാദ്'; ജെഎൻയു കാമ്പസിൽ ദളിത് വിരുദ്ധ സന്ദേശങ്ങൾ, പ്രതിഷേധം

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചുവരുകളിൽ ദലിത് വിരുദ്ധ സന്ദേശങ്ങൾ കണ്ടെത്തിയതിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. കാമ്പസിലെ കാവേരി ഹോസ്റ്റൽ ചുമരിൽ കണ്ടെത്തിയ ‘ചമർ ഇന്ത്യ വിടൂ’, ‘ദലിതർ ഇന്ത്യ വിടൂ’, ‘ബ്രാഹമണ-ബനിയ സിന്ദാബാദ്’, ‘ഹിന്ദു- ആർഎസ്എസ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾക്കെതിരെയാണ് പ്രതിഷേധം.

കാവേരി ഹോസ്റ്റലിൽ നടന്ന സംഭവത്തെ ശക്തമായി അപലപിക്കുകയും ഇതിനെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്യുമെന്ന് ജെഎൻയു സ്റ്റുഡന്റ്സ് യൂനിയൻ പ്രസിഡന്റ് ധനഞ്ജയ് പറഞ്ഞു. ‘ഈ രാജ്യത്ത് അധികാരത്തിലിരിക്കുന്ന അ​തേ ശക്തികൾ തന്നെയാണ് ജെഎൻയു കാമ്പസിലുമുള്ളത്. ഈ ശക്തികൾ ദലിത്, ആദിവാസി, ബഹുജനങ്ങൾ, മുസ്‍ലിംകൾ, സ്ത്രീകൾ എന്നിവർക്കെതിരെയെല്ലാം അവരുടെ അജണ്ട നടപ്പാക്കുകയാണ്. ഇവരെയെല്ലാം കാമ്പസിൽ നിന്ന് പുറത്താക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ധനഞ്ജയ് വ്യക്തമാക്കി.

ദലിത് വിരുദ്ധ സന്ദേശങ്ങളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സർവകലാശാല അധികൃതരെത്തി ചുമർ വൃത്തിയാക്കുകയും പുതുതായി പെയിന്റ് ചെയ്യുകയുമുണ്ടായി. സംഭവം വിദ്യാർഥികൾ സർവകലാശാല അധികൃതരെയും പൊലീസിനെയും അറിയിച്ചിരുന്നു. ഈ സന്ദേശങ്ങൾക്ക് പിന്നിലുള്ള വ്യക്തികൾ ആരാണെന്ന് അറിയുന്നവർ ഇ-മെയിൽ വഴി അറിയിക്കണമെന്ന് കാവേരി ഹോസ്റ്റൽ വാർഡൻ നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾ ജാഗ്രത പാലിക്കണ​മെന്നും സിസിടിവി കാമറകൾ ഹോസ്റ്റലിൽ സ്ഥാപിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

കാമ്പസിൽ ദലിത്, ബഹുജൻ, ആദിവസി, മുസ്‍ലിം, മറ്റു വിഭാഗങ്ങൾ എന്നിവർക്ക് നേരെ ജാതിപരവും വർഗീയവുമായ പരാമർശങ്ങൾ നിരന്തരം ഉണ്ടാകുന്നുണ്ടെന്ന് ‘ബാപ്സ’ അംഗങ്ങൾ മക്തൂബ് മീഡിയയോട് വ്യക്തമാക്കി. തങ്ങളുടെ സംഘടനയുടെ പോസ്റ്ററുകൾ പതിക്കുമ്പോഴെല്ലാം അതിൽ അശ്ലീലവും ജതീയവുമായ കമന്റുകൾ എഴുതുകയും അവ നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണെന്നും വിദ്യാർഥികൾ ആരോപിച്ചു.