പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ദളിതരോട് കോൺഗ്രസിന്റെ “തിരഞ്ഞെടുപ്പ് സ്റ്റണ്ട്” സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അദ്ധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എസ്എഡി- ബിജെപി സഖ്യമാണ് കോൺഗ്രസിനെ വലയ്ക്കുന്നതെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും അവകാശപ്പെട്ടു.
“കോൺഗ്രസിന് ഇപ്പോഴും ദളിതരിൽ വിശ്വാസമില്ല. ദളിതർ അവരുടെ ഇരട്ടത്താപ്പിനെ കുറിച്ച് വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ദലിതർ ഈ സ്റ്റണ്ടിൽ വീഴില്ലെന്ന് എനിക്ക് പൂർണവിശ്വാസമുണ്ട്,” മായാവതി പറഞ്ഞു.
പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ദളിതനല്ലാത്ത നേതാവിൻറെ കീഴിലായിരിക്കും നിയന്ത്രിക്കപ്പെടുക എന്നും അല്ലാതെ ചരൺജിത് സിംഗ് ചന്നിയുടെ കീഴിലല്ലെന്നും ബിഎസ്പി അദ്ധ്യക്ഷ പറഞ്ഞു.
കോൺഗ്രസും മറ്റ് രാഷ്ട്രീയ പാർട്ടികളും പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമാണ് ദളിതരെ കുറിച്ച് ചിന്തിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം, ചരൺജിത് സിംഗ് ചന്നിയുടെ നിയമനം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും മായാവതി പറഞ്ഞു.
ഇന്നാണ് ചരൺജിത് സിംഗ് ചന്നി പഞ്ചാബിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
പഞ്ചാബിലെ മാൽവ മേഖലയിലെ രൂപനഗർ ജില്ലയിൽ നിന്നുള്ള ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കാനുള്ള കോൺഗ്രസ് തീരുമാനം, സംസ്ഥാനത്തെ ജനസംഖ്യയിൽ 32 ശതമാനം ദളിതർ ആണ് എന്നതിനാൽ തന്നെ പ്രാധാന്യം അർഹിക്കുന്നു.
2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനായി ബിഎസ്പിയും എസ്എഡിയും ജൂണിൽ സഖ്യമുണ്ടാക്കി.