ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയ്യതി മാര്‍ച്ച് 31 വരെ നീട്ടി, മൊബൈല്‍ സമയ പരിധി ഫെബ്രുവരി ആറ്‌

സുപ്രധാന തിരിച്ചറിയല്‍ രേഖയായി മാറിയതോടെ എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട്, പാചക വാതക സബ്സിഡി, ഡ്രൈവിംഗ് ലൈസന്‍സ്, പ്രവാസി വിവാഹം തുടങ്ങിയവയ്‌ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് വരെ ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31-ലേക്ക് നീട്ടിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയോട് അറിയിച്ചു. എന്നാല്‍ ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമാണ് പുതുക്കിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുക.

അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ നാളെ പുറത്തിറക്കും. അതേ സമയം ആധാര്‍നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല.നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31-ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ലെന്നാണ് സൂചന.

സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. ഉപഭോക്താക്കളെക്കുറിച്ചുള്ള കെവൈസി ഡാറ്റ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത്തരം സേവനങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാന്‍ സാധിക്കില്ല.

35 മന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള 135 ഓളം പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെടുന്നു.ആധാര്‍ ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.വിമാനത്താവളങ്ങളില്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐആര്‍സിടിസി വഴി ഒരു മാസം ആറിലധികം ടിക്കറ്റില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റെയില്‍വേയും ഉത്തരവിട്ടിട്ടുണ്ട്

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. വിതരണത്തിനിടെ നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്താന്‍ ഉപഭോക്താക്കളോട് ആധാര്‍ നമ്പര്‍ അപ് ലോഡ് ചെയ്യാനാണ് ആമസോണിന്റെ ആവശ്യം. ആമസോണ്‍, സൂമോകാര്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സേവന സൈറ്റുകള്‍ 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്.മൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളും ഇപ്പോള്‍ പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.