രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 6 മുതല്‍ 12 വയസ് വരെയുള്ള കൂട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് നല്‍കാന്‍ അനുമതിയായി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഎ)ആണ് നിയന്ത്രിത അടിയന്തര ഉപയോഗത്തിന്് അനുമതി നല്‍കിയത്.
ആദ്യ രണ്ട് മാസത്തേക്ക് ഓരോ 15 ദിവസത്തിലും വാക്‌സിന്‍ സുരക്ഷയും, പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള ഡാറ്റയും ഉള്‍പ്പടെ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിജിഎ ഭാരത് ബയോടെക്കിന് നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തിന് ശേഷം പിന്നീടുള്ള അഞ്ച് മാസവും പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ രാജ്യത്ത് 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിനാണ് പ്രധാനമായി നല്‍കുന്നത്. അതേസമയം അഞ്ച് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്കായി കോര്‍ബേവാക്‌സ് വാക്‌സിനും അടിയന്തര ഉപയോഗ അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ 12 മുതല്‍ 14 വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് കോര്‍ബേവാക്‌സ് നല്‍കുന്നത്.