പണ്ട് പടവാള്‍ എടുത്തവര്‍ ഇന്നു മരണഭീതിയില്‍; ആര്‍എസ്എസ് ബിജെപി നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി പ്രവീണ്‍ തൊഗാഡിയയും പ്രമോദ് മുത്തലിക്കും

ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ അഘോരാത്രം പണിയെടുത്ത സംഘപരിവാറിന്റെ പഴയ പടക്കുതിരകള്‍ എല്ലാം ആര്‍എസ്എസിന്റെ മരണഭീതിയില്‍. വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് പിന്നാലെ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കും രംഗത്ത് എത്തിയതോടെ ആര്‍എസ്എസ് നേതൃത്വം അപ്പാടെ സംശയ നിഴലിലാണ്. ആര്‍.എസ്.എസ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് ഇന്നലെയാണ് രംഗത്ത് എത്തിയത്. നേരത്തെ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ ബി.ജെ.പി, ആര്‍എസ്എസ് നേതൃത്വങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. 2009ല്‍ മംഗളൂരുവിലെ പബ് ആക്രമണവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധനായ വ്യക്തിയാണ് പ്രമോദ് മുത്തലിക്ക്. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രമോദ് മുത്തലിക്ക് ഭീഷണിയെ സംബന്ധിച്ച സൂചന നല്‍കിയത്.

എന്റെ ശത്രുക്കള്‍ ആരെല്ലാമാണെന്ന് അറിയാം. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ബുദ്ധിജീവികളുമെല്ലാം എന്റെ ശത്രുക്കളാണ്. അവരല്ലൊം അറിയപ്പെടുന്ന ശത്രുക്കളാണ്. അവര്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ എനിക്ക് പേടി ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെയുള്ള അറിയപ്പെടാത്ത ശത്രുക്കളെയാണെന്നും മുത്തലിക്ക് പറഞ്ഞു.

ആര്‍.എസ്.എസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കാനും പ്രമോദ് മുത്തലിക്ക് മുതിര്‍ന്നു. സംസ്ഥാനത്തെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവായ മങ്കേഷ് ഭീണ്ഡേക്ക് തന്നെ ഇഷ്ടമല്ല. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടറിനെയാണ് മങ്കേഷ് പിന്തുണക്കുന്നത്. ഉത്തരകര്‍ണാടകയില്‍ തന്നെ ആവശ്യമില്ലെന്നാണ് പല ആര്‍.എസ്.എസ് നേതാക്കളുടെയും തീരുമാനമെന്നും പ്രമോദ് മുത്തലിക്ക് പറഞ്ഞു. ആര്‍.എസ്.എസിന് തന്റെ ജനസമ്മിതി അംഗീകരിക്കാനാവുന്നില്ലെന്നും അദ്ദേഹം അഭിമുടത്തില്‍ വ്യക്തമാക്കിയിരുന്നു.

വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയായുടെ വെളിപ്പെടുത്തലില്‍ ബിജെപിയുടെ കേന്ദ്രനേതൃത്വം അങ്കലാപ്പിലായിരിക്കുന്ന സമയത്താണ് പ്രമോദ് മുത്തലിക്കിന്റെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. തൊഗാഡിയയിലൂടെ തങ്ങളുടെ അന്തപുരരഹസ്യങ്ങള്‍ വെളിയില്‍ വരുമോയെന്ന ഭീതിയിലാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പ്രവീണ്‍ ജീവനു ഭീഷണിയുണ്ടെന്ന പ്രവീണ്‍ തൊഗാഡിയയുടെ ആരോപണം സംഘപരിവാര്‍ അണികള്‍ക്കു നല്‍കിയ സന്ദേശത്തിന്റെ അപകടം തിരിച്ചറിഞ്ഞ അമിത് ഷാ നേരത്തെ പ്രതിരോധത്തിലേക്കു പിന്‍വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നു തൊഗാഡിയയ്ക്കെതിരെ പരസ്യവിമര്‍ശനമുണ്ടാകാന്‍ പാടില്ലെന്ന് അമിത് ഷാ ദേശീയ ഭാരവാഹികള്‍ക്കും സംസ്ഥാന ഘടകങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് മുത്തലിക്കിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ആഎസ്എസ് നേതൃത്വമോ ബിജെപിയൊ ഇതുവരെ തയാറായിട്ടില്ല. പുതിയ വിവാദങ്ങള്‍ കേന്ദ്രസര്‍ക്കാരനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.