വധഭീഷണി; ഹിജാബ് വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ ക്യാറ്റഗറി സുരക്ഷ

ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം. മൂന്ന് കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി മുഴക്കിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്ഥി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ എം ഖാസി എന്നിവര്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ജഡ്ജിമാരുടെ വസതിയിലും സുരക്ഷ വര്‍ദ്ധിപ്പിക്കും. വധഭീഷണി പശ്ചാത്തലത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വധഭീഷണി മുഴക്കിയതിന് ഹീത് ജമാഅത്ത് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ചീഫ് ജസ്റ്റിസിനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ തൗഹീദ് ജമായത്ത് സംഘടന ഭാരവാഹി റഹ്‌മത്തുള്ളയെ തമിഴ് നാട്ടില്‍ അറസ്റ്റ് ചെയ്തിരുന്നു.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു.ഹൈക്കോടതി വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ 11 ദിവസം വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു.