ബിജെഡി നേതാവും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായിരുന്ന വികെ പാണ്ഡ്യന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഒഡിഷയിലെ ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെഡിയ്ക്കുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് വികെ പാണ്ഡ്യന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അറിയിച്ചത്.
ബിജെഡി നേതാവും ഒഡീഷയിലെ മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കിന്റെ അടുത്ത അനുയായിയാണ് വികെ പാണ്ഡ്യന്‍. നവീന്‍ ബാബുവിനെ സഹായിക്കുക മാത്രമായിരുന്നു രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ തന്റെ ഉദ്ദേശ്യമെന്നും എന്നാല്‍ ഇപ്പോള്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും പാണ്ഡ്യന്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
രാഷ്ട്രീയത്തില്‍ താന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെയുള്ള പ്രചരണങ്ങള്‍ പാര്‍ട്ടിയ്ക്ക് നഷ്ടമുണ്ടാക്കിയെങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു. തനിക്കൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടി അംഗങ്ങള്‍ക്ക് പാണ്ഡ്യന്‍ നന്ദിയും അറിയിച്ചു.
12 വര്‍ഷത്തോളമായി നവീന്‍ പട്‌നായിക്കിനൊപ്പം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച പാണ്ഡ്യന്‍ കഴിഞ്ഞ വര്‍ഷമാണ് സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് ബിജെഡിയില്‍ ചേര്‍ന്നത്. ഒഡിഷയിലെ ബിജെഡിയുടെ തിരഞ്ഞെടുപ്പ് ചുമതലയും പാണ്ഡ്യനായിരുന്നു. 2011ല്‍ ഗഞ്ജം ജില്ലാ കളക്ടറായിരിക്കുമ്പോഴാണ് പാണ്ഡ്യനെ പട്‌നായിക്ക് കൂടെ കൂട്ടുന്നത്.